ആ കാലത്ത് ശൗല്‍ കോപത്തോടെ കർത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ വധഭീഷണി മുഴക്കിക്കൊണ്ട് മഹാപുരോഹിതന്‍റെ അടുക്കൽ ചെന്നു, ദമസ്കൊസിൽ യേശുവിന്‍റെ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻതക്കവണ്ണം അവിടുത്തെ പള്ളികളിലേക്കുള്ള അധികാരപത്രം മഹാപുരോഹിതനോട് വാങ്ങി. അവൻ പ്രയാണം ചെയ്തു ദമസ്കൊസിന് സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്നു ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി; അവൻ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്നു തന്നോട് പറയുന്ന ഒരു ശബ്ദം കേട്ടു. അതിന് ശൗല്‍: “നീ ആരാകുന്നു, കർത്താവേ?” എന്നു ചോദിച്ചു. അതിന് അവനോട്: “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ. നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ച് നിന്നോട് പറയും” എന്നു പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ സ്തംഭിച്ചുനിന്നു. ശൗല്‍ നിലത്തുനിന്ന് എഴുന്നേറ്റ് കണ്ണ് തുറന്നപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല; അതുകൊണ്ട് അവർ അവനെ കൈയ്ക്ക് പിടിച്ച് ദമസ്കൊസിലേക്ക് കൂട്ടിക്കൊണ്ടുപോയി; അവൻ മൂന്നുദിവസം കണ്ണ് കാണാതെയും തിന്നുകയോ കുടിയ്ക്കുകയോ ചെയ്യാതെയും ഇരുന്നു. എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനോട് കർത്താവ് ഒരു ദർശനത്തിൽ; “അനന്യാസേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ” എന്നു അവൻ വിളികേട്ടു. കർത്താവ് അവനോട്: “നീ എഴുന്നേറ്റ് നേർവ്വീഥി എന്ന തെരുവിൽ, യൂദയുടെ വീട്ടിൽ ചെന്നു, തർസൊസുകാരനായ ശൗല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തുവന്ന് താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്‍റെമേൽ കൈ വയ്ക്കുന്നത് അവൻ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു കല്പിച്ചു. അതിന് അനന്യാസ്; “കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്‍റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ഇവിടെയും അങ്ങേയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവനു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട്” എന്നു ഉത്തരം പറഞ്ഞു. കർത്താവ് അവനോട്: “നീ പോക; അവൻ എന്‍റെ നാമം ജനതകൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിക്കുവാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്‍റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണമെന്ന് ഞാൻ അവനെ കാണിക്കും” എന്നു പറഞ്ഞു. അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്‍റെമേൽ കൈ വച്ചു: “ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിക്കുകയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്യേണ്ടതിന് നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ അവന്‍റെ കണ്ണിൽ നിന്ന് ചെതുമ്പൽപോലെ വീണു; അവനു കാഴ്ച ലഭിച്ചു. അവൻ എഴുന്നേറ്റ് സ്നാനം ഏൽക്കുകയും ആഹാരം കഴിച്ച് ബലം പ്രാപിക്കുകയും ചെയ്തു.
പ്രവൃത്തികൾ 9 വായിക്കുക
കേൾക്കുക പ്രവൃത്തികൾ 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പ്രവൃത്തികൾ 9:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ