പ്രവൃത്തികൾ 18:18-28

പ്രവൃത്തികൾ 18:18-28 IRVMAL

പൗലൊസ് പിന്നെയും കുറേനാൾ കൊരിന്ത്യയിൽ പാർത്തശേഷം സഹോദരന്മാരോട് യാത്ര പറഞ്ഞിട്ട്, താൻ ഒരു നേർച്ച ചെയ്തതിനാൽ കെംക്രയയിൽവച്ച് തല ക്ഷൗരം ചെയ്യിച്ചിട്ട് പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സിറിയയിലേക്ക് പുറപ്പെട്ടു, എഫെസൊസിൽ എത്തി അവരെ അവിടെ വിട്ടിട്ട്; അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോട് യേശുവിനെ കുറിച്ച് സംഭാഷിച്ചു. കുറെ കൂടെ താമസിക്കേണം എന്നു യെഹൂദന്മാർ അപേക്ഷിച്ചിട്ടും അവൻ സമ്മതിക്കാതെ: “ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും” എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്ന് കപ്പൽ കയറി. കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്ക് പോയി. അവിടെ കുറേനാൾ താമസിച്ചശേഷം പുറപ്പെട്ടു, ഗലാത്യദേശത്തിലൂടെയും ഫ്രുഗ്യയിലൂടെയും സഞ്ചരിച്ച് ശിഷ്യന്മാരെ ഒക്കെയും പ്രോത്സാഹിപ്പിച്ചു. ആ സമയത്ത് തിരുവെഴുത്തുകളിൽ സാമർത്ഥ്യവും വാഗ്വൈഭവവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ള അലെക്സന്ത്രിയക്കാരനായ ഒരു യെഹൂദൻ എഫെസൊസിൽ എത്തി. അവനു കർത്താവിന്‍റെ മാർഗ്ഗത്തെ കുറിച്ച് ഉപദേശം ലഭിച്ചിരുന്നു; അവൻ ആത്മാവിൽ എരിവുള്ളവനാകയാൽ യേശുവിനെ കുറിച്ച് കൃത്യമായി ഉപദേശിച്ചിരുന്നു എങ്കിലും അവൻ യോഹന്നാന്‍റെ സ്നാനത്തെക്കുറിച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളു. അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു തുടങ്ങി; എന്നാൽ അക്വിലാസും പ്രിസ്കില്ലയും അവന്‍റെ പ്രസംഗം കേട്ടപ്പോൾ താല്‍പ്പര്യത്തോടെ അവനെ ചേർത്തുകൊണ്ട് ദൈവത്തിന്‍റെ മാർഗ്ഗം അധികം സ്പഷ്ടമായി അവനു തെളിയിച്ചുകൊടുത്തു. അവൻ അഖായയിലേക്ക് പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ സ്വീകരിക്കേണ്ടതിന് അഖായയിലെ ശിഷ്യന്മാർക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയപ്പോൾ അവൻ ദൈവകൃപയാൽ യേശുവിൽ വിശ്വസിച്ചവർക്ക് വളരെ പ്രയോജനമായിത്തീർന്നു. അവൻ തിരുവെഴുത്തുകളാൽ യേശു തന്നെ ക്രിസ്തു എന്നു ശക്തമായി തെളിയിച്ച് യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.