പ്രവൃത്തികൾ 18:1-8

പ്രവൃത്തികൾ 18:1-8 IRVMAL

അതിനുശേഷം പൗലൊസ് അഥേന വിട്ട് കൊരിന്ത്യയിൽ ചെന്നു. അവിടെ അവൻ പൊന്തൊസിൽ ജനിച്ചവനും യെഹൂദന്മാർ എല്ലാവരും റോമാനഗരം വിട്ടു പോകേണം എന്നു ക്ലൗദ്യൊസ് കല്പന കൊടുത്തതുകൊണ്ട് ആ ഇടയ്ക്ക് ഇറ്റലിയിൽനിന്ന് വന്നവനുമായ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്‍റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു. പൗലോസിൻ്റെയും അവരുടെയും തൊഴിൽ ഒന്നാകകൊണ്ട് അവൻ അവരോടുകൂടെ പാർത്ത് വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു. എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽച്ചെന്ന് യെഹൂദന്മാരോടും യവനന്മാരോടും യേശുവിനെ കുറിച്ച് കാര്യകാരണസഹിതം പറഞ്ഞ് അവരെ സമ്മതിപ്പിച്ചു. എന്നാൽ ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽനിന്ന് വന്നപ്പോൾ പൗലൊസ് ആത്മാവിനാൽ പ്രേരിതനായി തീഷ്ണതയോടെ യേശു തന്നെ ക്രിസ്തു എന്നു യെഹൂദന്മാരോട് സാക്ഷീകരിച്ചു. അവർ പൗലോസിനോട് എതിർ പറയുകയും ദുഷിക്കയും ചെയ്തപ്പോൾ അവൻ വസ്ത്രം കുടഞ്ഞു: “നിങ്ങളുടെ നാശത്തിന് നിങ്ങൾതന്നെ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ; ഇനി മേൽ ഞാൻ ജനതകളുടെ അടുക്കൽ പോകും” എന്നു അവരോട് പറഞ്ഞു. അവൻ അവിടംവിട്ട്, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്‍റെ വീട്ടിൽ ചെന്നു; അവന്‍റെ വീട് പള്ളിയുടെ അടുത്തായിരുന്നു. പള്ളിപ്രമാണിയായ ക്രിസ്പൊസ് തന്‍റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ മറ്റ് അനേകരും പൗലോസിൽനിന്ന് വചനം കേട്ടു യേശുവിൽ വിശ്വസിച്ചു സ്നാനം ഏറ്റു.