അർദ്ധരാത്രിക്ക് പൗലൊസും ശീലാസും പ്രാർത്ഥിച്ച് ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞു വീണു. കാരാഗൃഹപ്രമാണി ഉറക്കം ഉണർന്ന് കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നത് കണ്ടിട്ട് തടവുകാർ രക്ഷപെട്ടിരിക്കും എന്നു ചിന്തിച്ച് വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു. അപ്പോൾ പൗലൊസ്: “നിനക്കു ഒരു ദോഷവും ചെയ്യരുത്, ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ” എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. അവൻ വെളിച്ചം ചോദിച്ച് അകത്തേക്ക് ചാടി വിറച്ചുകൊണ്ട് പൗലൊസിൻ്റെയും ശീലാസിൻ്റെയും മുമ്പിൽ വീണു. അവരെ പുറത്ത് കൊണ്ടുവന്ന്: “യജമാനന്മാരേ, രക്ഷ പ്രാപിക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” എന്നു അവർ പറഞ്ഞു. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. അവൻ രാത്രിയിൽ, ആ നാഴികയിൽത്തന്നെ, അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും വേഗത്തിൽ സ്നാനം ഏറ്റു. പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ട് അവർക്ക് ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു. നേരം പുലർന്നപ്പോൾ അധിപതികൾ ഭടന്മാരെ അയച്ചു: “ആ മനുഷ്യരെ വിട്ടയയ്ക്കേണം” എന്നു പറയിച്ചു. കാരാഗൃഹപ്രമാണി ഈ വാക്ക് പൗലൊസിനോട് അറിയിച്ചു: “നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ” എന്നു പറഞ്ഞു. പൗലൊസ് അവരോട്: “റോമാപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ച് തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നെ വന്ന് ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ” എന്നു പറഞ്ഞു. കാവൽക്കാർ ആ വാക്ക് അധിപതികളോട് ബോധിപ്പിച്ചപ്പോൾ അവർ റോമ പൗരന്മാർ എന്നു കേട്ടു അധിപതികൾ ഭയപ്പെട്ട് ചെന്നു അവരോട് നല്ലവാക്ക് പറഞ്ഞു. അവരെ പുറത്ത് കൊണ്ടുവന്നതിനു ശേഷം പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു. അവർ തടവ് വിട്ടു ലുദിയയുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ധൈര്യപ്പെടുത്തി പുറപ്പെട്ടുപോയി.
പ്രവൃത്തികൾ 16 വായിക്കുക
കേൾക്കുക പ്രവൃത്തികൾ 16
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പ്രവൃത്തികൾ 16:25-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ