ശൗലിന്‍റെ കുടുംബവും ദാവീദിന്‍റെ കുടുംബവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന് ബലം കൂടിക്കൂടിയും ശൗലിന്‍റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു. ദാവീദിന് ഹെബ്രോനിൽവച്ച് പുത്രന്മാർ ജനിച്ചു; യിസ്രയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്‍റെ ആദ്യജാതൻ. കർമ്മേല്യൻ നാബാലിന്‍റെ വിധവയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമായിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ; ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്‍റെ മകനായ ശെഫത്യാവ് അഞ്ചാമത്തവൻ; ദാവീദിന്‍റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ച പുത്രന്മാർ. ദാവീദിന്‍റെ ഭടന്മാരും ശൗലിന്‍റെ കുടുംബത്തോട് വിധേയത്വം ഉണ്ടായിരുന്ന ഭടന്മാരും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു. ശൗലിന്‍റെ അനുയായികളിൽ അബ്നേർ കൂടുതൽ കൂടുതൽ ശക്തനായി. എന്നാൽ ശൗലിന് അയ്യാവിന്‍റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു. ഈശ്-ബോശെത്ത് അബ്നേരിനോട്: “നീ എന്‍റെ അപ്പന്‍റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നത് എന്ത്?” എന്നു ചോദിച്ചു. അബ്നേർ ഈശ്-ബോശെത്തിന്‍റെ വാക്കുകൾനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞത്: “ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്ന് ഞാൻ നിന്‍റെ അപ്പനായ ശൗലിന്‍റെ കുടുംബത്തോടും അവന്‍റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കുകയും നിന്നെ ദാവീദിന്‍റെ കയ്യിൽ ഏല്പിക്കാതിരിക്കുകയും ചെയ്തിട്ടും ഇന്ന് ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ? ശൗലിന്‍റെ കുടുംബത്തിൽനിന്ന് രാജത്വം മാറ്റുകയും ദാവീദിന്‍റെ സിംഹാസനം ദാൻ മുതൽ ബേർ-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കുകയും ചെയ്യുവാൻ തക്കവണ്ണം യഹോവ ദാവീദിനോട് സത്യം ചെയ്തതുപോലെ ഞാൻ അവന് സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.” ഈശ്-ബോശെത്ത് അബ്നേരിനെ ഭയപ്പെടുകകൊണ്ട് അവനോട് പിന്നെ ഒരു വാക്കും പറയുവാൻ കഴിഞ്ഞില്ല. പിന്നീട് അബ്നേർ ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ തനിക്കുപകരം സന്ദേശവാഹകരെ അയച്ചു: “ദേശം ആർക്കുള്ളത്? എന്നോട് ഉടമ്പടി ചെയ്യുക; എന്നാൽ എല്ലാ യിസ്രായേലിനെയും നിന്‍റെ പക്ഷത്തിൽ വരുത്തേണ്ടതിന് എന്‍റെ സഹായം നിനക്ക് ഉണ്ടാകും” എന്നു പറയിച്ചു. അതിന് ദാവീദ്: “നല്ലത്; ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാണുവാൻ വരുമ്പോൾ ആദ്യം തന്നെ ശൗലിന്‍റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ട് വരാതിരുന്നാൽ നീ എന്‍റെ മുഖം കാണുകയില്ല” എന്നു പറഞ്ഞു. ദാവീദ് ശൗലിന്‍റെ മകനായ ഈശ്-ബോശെത്തിന്‍റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “ഞാൻ വിവാഹനിശ്ചയത്തിന് ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മം കൊടുത്തു വാങ്ങിയ എന്‍റെ ഭാര്യയായ മീഖളിനെ എനിക്ക് തരിക” എന്നു പറയിച്ചു. ഈശ്-ബോശെത്ത് അവളെ ലയീശിന്‍റെ മകനും അവളുടെ ഭർത്താവുമായ ഫല്തിയേലിന്‍റെ അടുക്കൽനിന്ന് ആളയച്ച് വരുത്തി. അവളുടെ കൂടെ ഇറങ്ങിത്തിരിച്ച അവളുടെ ഭർത്താവ് കരഞ്ഞുകൊണ്ട് ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോട്: “മടങ്ങിപ്പോകുക” എന്നു പറഞ്ഞു. അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: “ദാവീദിനെ നിങ്ങൾക്ക് രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നത്. ഇപ്പോൾ അങ്ങനെ ചെയ്യുവിൻ; ഞാൻ എന്‍റെ ദാസനായ ദാവീദിന്‍റെ കൈകൊണ്ട് എന്‍റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്ന് യഹോവ ദാവീദിനെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. അങ്ങനെ തന്നെ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിനും ബെന്യാമീൻ ഗൃഹത്തിനൊക്കെയും സമ്മതമായതെല്ലാം ദാവീദിനെ അറിയിക്കുന്നതിന് ഹെബ്രോനിൽ പോയി. ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിനും അവനോട് കൂടെയുള്ള പുരുഷന്മാർക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു. അബ്നേർ ദാവീദിനോട്: “ഞാൻ ചെന്നു യിസ്രായേലിനെല്ലാം യജമാനനായ രാജാവിനോട് ഉടമ്പടി ചെയ്യേണ്ടതിന് അവരെ നിന്‍റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോൾ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരെയും നിനക്ക് ഭരിക്കാം” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവൻ സമാധാനത്തോടെ പോയി.
2 ശമു. 3 വായിക്കുക
കേൾക്കുക 2 ശമു. 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ശമു. 3:1-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ