2 ശമു. 17:1-14

2 ശമു. 17:1-14 IRVMAL

പിന്നീട് അഹീഥോഫെൽ അബ്ശാലോമിനോട് പറഞ്ഞത്: “ഞാൻ പന്ത്രണ്ടായിരം പേരെ തിരഞ്ഞെടുത്ത്, ഇന്ന് രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ. ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ച് ഭയപ്പെടുത്തും; അപ്പോൾ അവനോടുകൂടിയുള്ള ജനമെല്ലാവരും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും. പിന്നെ ഞാൻ സകലജനത്തെയും നിന്‍റെ അടുക്കൽ മടക്കിവരുത്തും; നീ കൊല്ലാൻ അന്വേഷിക്കുന്ന മനുഷ്യൻ ഒഴികെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും.” ഈ വാക്കു അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാർക്കും വളരെ ബോധിച്ചു. എന്നാൽ അബ്ശാലോം: “അർഖ്യനായ ഹൂശായിയെയും വിളിക്കുക; അവന്‍റെ അഭിപ്രായവും കേൾക്കാമല്ലോ” എന്നു പറഞ്ഞു. ഹൂശായി അബ്ശാലോമിന്‍റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോട്: “അഹീഥോഫെൽ ഞങ്ങൾക്കുതന്ന ഉപദേശം ഇതാണ്; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറയുക” എന്നു പറഞ്ഞു. ഹൂശായി അബ്ശാലോമിനോട് പറഞ്ഞത്: “അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നല്ലതല്ല.” ഹൂശായി തുടര്‍ന്നു പറഞ്ഞത്: “നിന്‍റെ അപ്പനും അവന്‍റെ ആളുകളും വീരന്മാരും, കാട്ടിൽ കുട്ടികൾ കവർച്ച ചെയ്യപ്പെട്ട അമ്മക്കരടിയെപ്പോലെ കോപാകുലരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്‍റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടി രാത്രിപാർക്കുകയില്ല. അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കുകയായിരിക്കും; ആദ്യം തന്നെ ഇവരിൽ ചിലർ പട്ടുപോയാൽ അത് കേൾക്കുന്ന എല്ലാവരും ‘അബ്ശാലോമിന്‍റെ പക്ഷക്കാരിൽ സംഹാരമുണ്ടായി’ എന്നു പറയും. അപ്പോൾ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനുംകൂടെ പൂർണ്ണമായി ഉരുകിപ്പോകും; നിന്‍റെ അപ്പൻ വീരനും അവനോടുകൂടിയുള്ളവർ ശൂരന്മാരും എന്നു എല്ലാ യിസ്രായേലും അറിയുന്നു. അതുകൊണ്ട് ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻ മുതൽ ബേർ-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്‍റെ അടുക്കൽ ഒന്നിച്ച് കൂടുകയും നീ തന്നെ യുദ്ധത്തിന് പോകുകയും വേണം. ദാവീദിനെ കാണുന്ന ഇടത്തുവച്ച് നമ്മൾ അവനെ ആക്രമിച്ച് മഞ്ഞ് നിലത്ത് പൊഴിയുന്നതുപോലെ അവന്‍റെമേൽ ചെന്നുവീഴും; പിന്നെ അവനാകട്ടെ അവനോട് കൂടെയുള്ള എല്ലാവരിലും യാതൊരുത്തൻ പോലും ആകട്ടെ ശേഷിക്കുകയില്ല. അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന് കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും ശേഷിക്കാത്തവിധം ആ പട്ടണത്തെ നദിയിൽ വലിച്ചിട്ടുകളയും.” അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: “അഹീഥോഫെലിന്‍റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലത്” എന്നു പറഞ്ഞു. അബ്ശാലോമിന് അനർത്ഥം വരേണ്ടതിന് അഹീഥോഫെലിന്‍റെ നല്ല ആലോചനയെ പരാജയപ്പെടുത്തുവാൻ യഹോവ നിശ്ചയിച്ചിരുന്നു.