2 ശമു. 12:15-25

2 ശമു. 12:15-25 IRVMAL

ഊരീയാവിന്‍റെ ഭാര്യ ദാവീദിന് പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന് കഠിനരോഗം പിടിച്ചു. ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു; ദാവീദ് ഉപവസിക്കുകയും അകത്ത് കടന്ന് രാത്രിമുഴുവനും നിലത്ത് കിടക്കുകയും ചെയ്തു. അവന്‍റെ ഭവനത്തിലെ മൂപ്പന്മാർ അവനെ നിലത്തുനിന്ന് എഴുന്നേല്പിക്കുവാൻ ഉത്സാഹിച്ചുകൊണ്ട് അടുത്തുചെന്നു; എന്നാൽ അവന് മനസ്സായില്ല. അവരോടുകൂടി ഭക്ഷണം കഴിച്ചതുമില്ല. എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിക്കുവാൻ ഭൃത്യന്മാർ ഭയപ്പെട്ടു: “കുഞ്ഞു ജീവനോടിരുന്ന സമയം നമ്മൾ അവനോട് സംസാരിച്ചിട്ട് അവൻ നമ്മുടെ വാക്ക് കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോട് എങ്ങനെ പറയും? അവൻ തനിക്കുതന്നെ വല്ല ദോഷം വരുത്തും” എന്നു അവർ പറഞ്ഞു. ഭൃത്യന്മാർ തമ്മിൽ ചെവിയിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്‍റെ ഭൃത്യന്മാരോട്: “കുഞ്ഞു മരിച്ചുപോയോ?” എന്നു ചോദിച്ചു; “മരിച്ചുപോയി” എന്നു അവർ പറഞ്ഞു. ഉടനെ ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്‍റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്‍റെ മുമ്പിൽവച്ചു; അവൻ ഭക്ഷിച്ചു. അവന്‍റെ ഭൃത്യന്മാർ അവനോട്: “നീ ഈ ചെയ്തിരിക്കുന്നത് എന്ത്? കുഞ്ഞു ജീവനോടിരുന്നപ്പോൾ നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു; എന്നാൽ കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റ് ഭക്ഷണം കഴിച്ചുവല്ലോ” എന്നു ചോദിച്ചു. അതിന് അവൻ: “കുഞ്ഞു ജീവനോടിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന് യഹോവ എന്നോട് ദയ ചെയ്യുമോ ഇല്ലയോ? ആർക്കറിയാം എന്നു ഞാൻ വിചാരിച്ചു. ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കിവരുത്തുവാൻ എനിക്ക് കഴിയുമോ? ഞാൻ അവന്‍റെ അടുക്കലേക്ക് പോകുകയല്ലാതെ അവൻ എന്‍റെ അടുക്കലേക്ക് മടങ്ങിവരുകയില്ലല്ലോ” എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്‍റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ച് അവളുടെ അടുക്കൽ ചെന്നു അവളോടുകൂടി ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന് ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. യഹോവ നാഥാൻ പ്രവാചകൻമുഖാന്തരം ഒരു സന്ദേശം അയച്ചു; യഹോവ അവനെ സ്നേഹിക്കുകയാൽ ശലോമോനു യെദീദ്യാവ് എന്നു പേർവിളിച്ചു.