അനന്തരം യഹോവ നാഥാനെ ദാവീദിന്‍റെ അടുക്കൽ അയച്ചു. അവൻ അവന്‍റെ അടുക്കൽ ചെന്നു അവനോട് പറഞ്ഞത്: “ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുവൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്‍റെ അടുക്കലും അവന്‍റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അത് അവനുള്ള ആഹാരം തിന്നുകയും അവന്‍റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയും അവന്‍റെ മടിയിൽ കിടക്കുകയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു. ധനവാന്‍റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്‍റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകംചെയ്യുവാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുക്കുവാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്‍റെ കുഞ്ഞാടിനെ പിടിച്ച് തന്‍റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.” അപ്പോൾ ദാവീദിന്‍റെ കോപം ആ മനുഷ്യന്‍റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോട്: “യഹോവയാണ, ഇത് ചെയ്തവൻ നിശ്ചയമായും മരിക്കണം. അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം” എന്നു പറഞ്ഞു. നാഥാൻ ദാവീദിനോട് പറഞ്ഞത്: “ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു, നിന്നെ ശൗലിന്‍റെ കയ്യിൽനിന്ന് വിടുവിച്ചു. ഞാൻ നിനക്ക് നിന്‍റെ യജമാനന്‍റെ ഭവനത്തെയും നിന്‍റെ മാർവ്വിടത്തിലേക്ക് നിന്‍റെ യജമാനന്‍റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്ക് തന്നു; അത് നന്നേ കുറവെങ്കിൽ, കൂടുതൽ ഞാൻ നിനക്ക് തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ച് അവന്‍റെ ദൃഷ്ടിയിൽ തിന്മയായുള്ളത് ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവിനെ വാൾകൊണ്ട് വെട്ടി അവന്‍റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ട് കൊല്ലിച്ചു. നീ എന്നെ നിരസിച്ച് ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തതുകൊണ്ട് വാൾ നിന്‍റെ ഭവനത്തെ ഒരിക്കലും വിട്ടുമാറുകയില്ല.’ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ സ്വന്തഭവനത്തിൽനിന്ന് ഞാൻ നിനക്ക് അനർത്ഥം വരുത്തും; നിന്‍റെ കൺമുമ്പിൽവച്ച് ഞാൻ നിന്‍റെ ഭാര്യമാരെ എടുത്ത് നിന്‍റെ അയൽക്കാരന് കൊടുക്കും; അവൻ ഈ സൂര്യന്‍റെ വെളിച്ചത്തിൽ തന്നെ നിന്‍റെ ഭാര്യമാരോടുകൂടി ശയിക്കും. നീ അത് രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം സകല യിസ്രായേലിന്‍റെയും മുമ്പിൽവച്ച് സൂര്യന്‍റെ വെളിച്ചത്തിൽ തന്നെ നടത്തും.’” ദാവീദ് നാഥാനോട്: “ഞാൻ യഹോവയോട് പാപം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അതിന് നാഥാൻ ദാവീദിനോട്: “യഹോവ നിന്‍റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും നീ ഈ പ്രവൃത്തികൊണ്ട് യഹോവയുടെ ശത്രുക്കൾക്ക് ദൂഷണം പറയുവാൻ വലിയ അവസരം ഉണ്ടാക്കിയതിനാൽ നിനക്ക് ജനിച്ചിട്ടുള്ള കുഞ്ഞ് നിശ്ചയമായും മരിച്ചുപോകും” എന്നു പറഞ്ഞു. അതിനുശേഷം നാഥാൻ തന്‍റെ വീട്ടിലേക്ക് പോയി.
2 ശമു. 12 വായിക്കുക
കേൾക്കുക 2 ശമു. 12
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ശമു. 12:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ