ആ വർഷം വസന്തത്തിൽ, എല്ലായിടത്തുമുള്ള രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന കാലത്ത് ദാവീദ് യോവാബിനെയും അവനോടുകൂടെ തന്‍റെ ഭടന്മാരെയും എല്ലാ യിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യരെ നശിപ്പിച്ചു, രബ്ബാപട്ടണം ഉപരോധിച്ചു. ദാവീദ് യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാത്തുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നത് മാളികമേൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു. ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്‍റെ മകളും ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവൾ അവന്‍റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നതുകൊണ്ട് അവൻ അവളോടുകൂടി ശയിച്ചു; അവൾ തന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോയി. ആ സ്ത്രീ ഗർഭംധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്ന വാർത്ത ദാവീദിനെ അവൾ അറിയിച്ചു. അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവിനെ തന്‍റെ അടുക്കൽ അയയ്ക്കുവാൻ യോവാബിന് കല്പന അയച്ചു. ഊരീയാവ് തന്‍റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോട് യോവാബിന്‍റെയും പടജ്ജനത്തിന്‍റെയും സുഖവർത്തമാനവും യുദ്ധത്തിന്‍റെ വിവരവും ചോദിച്ചു. പിന്നെ ദാവീദ് ഊരീയാവിനോട്: “നീ വീട്ടിൽ ചെന്നു കാലുകൾ കഴുകുക” എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്ന് പുറപ്പെട്ടപ്പോൾ രാജാവിന്‍റെ സമ്മാനം അവന്‍റെ പിന്നാലെ ചെന്നു. എന്നാൽ ഊരീയാവ് തന്‍റെ വീട്ടിൽ പോകാതെ യജമാനന്‍റെ സകലദാസന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി. ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ യാത്രയിൽനിന്ന് വന്നവനല്ലയോ? നിന്‍റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത്?” എന്നു ചോദിച്ചു. ഊരീയാവ് ദാവീദിനോട്: “പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്‍റെ യജമാനനായ യോവാബും യജമാനന്‍റെ ദാസരും മൈതാനത്ത് പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കുമ്പോൾ ഞാൻ ഭക്ഷിക്കുവാനും കുടിക്കുവാനും എന്‍റെ ഭാര്യയോടുകൂടി ശയിക്കുവാനും എന്‍റെ വീട്ടിൽ പോകുമോ? അങ്ങാണ, അങ്ങേയുടെ ജീവനാണ, ഇത് ഞാൻ ചെയ്യുകയില്ല” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ ഇന്നും ഇവിടെ താമസിക്കുക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും” എന്നു പറഞ്ഞു. അങ്ങനെ ഊരിയാവ് അന്നും പിറ്റേന്നും യെരൂശലേമിൽ താമസിച്ചു. ദാവീദ് അവനെ വിളിച്ചപ്പോൾ അവൻ അവന്‍റെ മുമ്പാകെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു തന്‍റെ യജമാനന്‍റെ ദാസന്മാരോടുകൂടി അവൻ തന്‍റെ കിടക്കയിൽ കിടന്നു. രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്‍റെ കയ്യിൽ കൊടുത്തയച്ചു. എഴുത്തിൽ: “യുദ്ധം കഠിനമായിരിക്കുന്നേടത്ത് ഊരീയാവിനെ മുൻനിരയിൽ നിർത്തി അവൻ വെട്ടുകൊണ്ട് മരിക്കത്തക്കവണ്ണം അവനെ വിട്ട് പിന്മാറുവിൻ” എന്നു അവൻ എഴുതിയിരുന്നു. അങ്ങനെ തന്നെ യോവാബ് പട്ടണത്തെ ഉപരോധിക്കുന്നതിനിടയിൽ വീരന്മാർ നില്‍ക്കുന്നതായി അവന് മനസിലായ സ്ഥലത്ത് അവൻ ഊരീയാവിനെ നിയോഗിച്ചു. പട്ടണക്കാർ പുറപ്പെട്ടു യോവാബിനോട് പോരാടിയപ്പോൾ ദാവീദിന്‍റെ ഭടന്മാരായ പടജ്ജനത്തിൽ ചിലർ കൊല്ലപ്പെട്ടു; ഹിത്യനായ ഊരീയാവും മരിച്ചു.
2 ശമു. 11 വായിക്കുക
കേൾക്കുക 2 ശമു. 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ശമു. 11:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ