2 രാജാ. 6:1-17

2 രാജാ. 6:1-17 IRVMAL

പ്രവാചകശിഷ്യന്മാർ എലീശയോട്: “ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു അങ്ങ് കാണുന്നുവല്ലോ. ഞങ്ങൾ യോർദ്ദാൻ നദിയുടെ തീരത്തു ചെന്നു അവിടെനിന്ന് ഓരോരുത്തനും ഓരോ മരം മുറിച്ചു കൊണ്ടുവന്നു ഞങ്ങൾക്കു വസിക്കുവാൻ ഒരു സ്ഥലം ഉണ്ടാക്കട്ടെ” എന്നു ചോദിച്ചു. “പോകുവിൻ” എന്നു അവൻ പറഞ്ഞു. അവരിൽ ഒരുത്തൻ: “ദയവായി അടിയങ്ങളോടുകൂടെ പോരേണമേ” എന്നു അപേക്ഷിച്ചതിന് “പോരാം” എന്നു അവൻ പറഞ്ഞു. അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാന്‍റെ കരയിൽ എത്തി മരം മുറിച്ചു. എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; “അയ്യോ കഷ്ടം; യജമാനനേ, അത് വായ്പ വാങ്ങിയതായിരുന്നു” എന്നു അവൻ നിലവിളിച്ചു. “അത് എവിടെ വീണു?” എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു കോടാ‍ലി പൊങ്ങിവന്നു. “അത് എടുത്തുകൊള്ളുക” എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അത് എടുത്തു. അനന്തരം അരാംരാജാവിന് യിസ്രായേലിനോട് യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്ത് പാളയം ഇറങ്ങണം എന്നു അവൻ തന്‍റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു. എന്നാൽ ദൈവപുരുഷൻ യിസ്രായേൽ രാജാവിനോട്: “ഇന്ന സ്ഥലത്തുകൂടി കടക്കാതിരിക്കുവാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട്” എന്നു പറയിച്ചു. ദൈവപുരുഷൻ പറഞ്ഞ സ്ഥലത്തേക്കു യിസ്രായേൽ രാജാവ് ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അല്ല തന്നെത്താൻ രക്ഷിച്ചത്. ഇതു മൂലം അരാം രാജാവിന്‍റെ മനസ്സ് ഏറ്റവും അധികം കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: “നമ്മുടെ കൂട്ടത്തിൽ യിസ്രായേൽ രാജാവിന്‍റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ?” എന്നു ചോദിച്ചു. അവന്‍റെ ഭൃത്യന്മാരിൽ ഒരുത്തൻ: “യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ കിടപ്പുമുറിയിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു” എന്നു പറഞ്ഞു. “നിങ്ങൾ ചെന്നു അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും” എന്നു അവൻ കല്പിച്ചു. എലീശാ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി. അവൻ അവിടേക്കു ശക്തിയുള്ള തന്‍റെ സൈന്യത്തെ, കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു. ദൈവപുരുഷന്‍റെ ഭൃത്യൻ രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം, കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നത് കണ്ടു; ബാല്യക്കാരൻ അവനോട്: “അയ്യോ യജമാനനേ, നാം എന്തു ചെയ്യും?” എന്നു ചോദിച്ചു. അതിന് അവൻ: “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം” എന്നു പറഞ്ഞു. പിന്നെ എലീശാ പ്രാർത്ഥിച്ചു: “യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്‍റെ കണ്ണു തുറക്കണമേ” എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്‍റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.