2 രാജാ. 4:1-17

2 രാജാ. 4:1-17 IRVMAL

പ്രവാചകശിഷ്യന്മാരിൽ ഒരാളുടെ ഭാര്യ എലീശയോടു നിലവിളിച്ചു പറഞ്ഞത്: “നിന്‍റെ ദാസനായിരുന്ന എന്‍റെ ഭർത്താവ് മരിച്ചുപോയി; നിന്‍റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; എന്‍റെ ഭർത്താവ് കടക്കാരനായി മരിച്ചതിനാൽ ഇപ്പോൾ ആ കടക്കാരൻ എന്‍റെ രണ്ടു മക്കളെ അടിമകളാക്കുവാൻ ഭാവിക്കുന്നു.” എലീശ അവളോട്: “ഞാൻ നിനക്കു എന്തു ചെയ്തു തരേണം എന്നു പറയുക; വീട്ടിൽ നിനക്കു എന്താണുള്ളത്?” എന്നു ചോദിച്ചു. “ഒരു ഭരണി എണ്ണയല്ലാതെ അടിയന്‍റെ വീട്ടിൽ മറ്റൊന്നും ഇല്ല” എന്നു അവൾ പറഞ്ഞു. അതിന് അവൻ: “നീ ചെന്നു നിന്‍റെ അയല്ക്കാരോടു ഒഴിഞ്ഞ പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. പിന്നെ നീയും നിന്‍റെ മക്കളും അകത്തു കയറി വാതിൽ അടച്ച്, ഒഴിഞ്ഞ പാത്രങ്ങളിലെല്ലാം എണ്ണ പകരുക; നിറഞ്ഞ പാത്രങ്ങൾ ഒരു ഭാഗത്തുമാറ്റിവക്കുക” എന്നു പറഞ്ഞു. അവൾ അവനെ വിട്ടു വീട്ടിൽ ചെന്നു തന്‍റെ മക്കളോടുകൂടെ അകത്ത് കടന്നു വാതിൽ അടച്ചു; മക്കൾ അവൾക്കു പാത്രങ്ങൾ കൊടുക്കുകയും അവൾ അവയിലേക്കു എണ്ണ പകരുകയും ചെയ്തു. പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്‍റെ മകനോട്: “ഇനിയും പാത്രം കൊണ്ടുവരിക” എന്നു പറഞ്ഞു. അവൻ അവളോട്: “പാത്രം ഒന്നും ഇല്ല” എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി. അവൾ ചെന്നു ദൈവപുരുഷനോട് ഈ കാര്യം അറിയിച്ചു. “നീ പോയി ഈ എണ്ണ വിറ്റ് കടം വീട്ടുക. മിച്ചമുള്ള പണം കൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊള്ളുക” എന്നു പറഞ്ഞു. ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ വീട്ടിൽ ഭക്ഷണം കഴിക്കുവാൻ വരേണം എന്നു നിർബ്ബന്ധിച്ചു. അതിനുശേഷം അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും. അവൾ തന്‍റെ ഭർത്താവിനോട്: “നമ്മുടെ വഴിയിലൂടെ മിക്കവാറും കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്നു ഞാൻ അറിയുന്നു. നമുക്ക് വീട്ടിന്‍റെ മുകളിൽ ചെറിയ ഒരു മാളികമുറി ഉണ്ടാക്കാം; അതിൽ ഒരു കട്ടിലും മേശയും കസേരയും നിലവിളക്കും വയ്ക്കാം; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന് അവിടെ പാർക്കാമല്ലോ” എന്നു പറഞ്ഞു. പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി. അവൻ തന്‍റെ ഭൃത്യനായ ഗേഹസിയോട്: “ശൂനേംകാരത്തിയെ വിളിക്ക” എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്‍റെ മുമ്പിൽ വന്നുനിന്നു. അവൻ അവനോട്: “നീ ഇത്ര താല്പര്യത്തോടെ ഞങ്ങൾക്കുവേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി എന്തെങ്കിലും പറയേണ്ടതുണ്ടോ?” എന്നു നീ അവളോട് ചോദിക്ക, എന്നു പറഞ്ഞു. അതിന് അവൾ: “ഞാൻ സ്വജനത്തിന്‍റെ മദ്ധ്യേ വസിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ അവൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും എന്നു അവൻ ചോദിച്ചു അതിന് ഗേഹസി: “അവൾക്ക് മകനില്ലല്ലോ; അവളുടെ ഭർത്താവ് വൃദ്ധനും ആകുന്നു” എന്നു പറഞ്ഞു. “അവളെ വിളിക്ക” എന്നു അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതില്ക്കൽ വന്നുനിന്നു. അപ്പോൾ അവൻ: “വരുന്ന ആണ്ടിൽ ഈ സമയം ആകുമ്പോൾ നീ ഒരു മകനെ മാറിൽ അണയ്ക്കുവാൻ ഇടയാകും” എന്നു പറഞ്ഞു. അതിന് അവൾ: “അല്ല, ദൈവപുരുഷനായ എന്‍റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ” എന്നു പറഞ്ഞു. ആ സ്ത്രീ ഗർഭംധരിച്ചു പിറ്റെ ആണ്ടിൽ, എലീശാ അവളോട് പറഞ്ഞസമയത്തു തന്നെ, ഒരു മകനെ പ്രസവിച്ചു.