2 രാജാ. 3:1-12

2 രാജാ. 3:1-12 IRVMAL

യെഹൂദാ രാജാവായ യെഹോശാഫാത്തിന്‍റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ആഹാബിന്‍റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിനു രാജാവായി; അവൻ പന്ത്രണ്ടു വര്‍ഷം വാണു. തന്‍റെ അപ്പനെയും അമ്മയേയും പോലെ തിന്മ പ്രവർത്തിച്ചില്ലെങ്കിലും, അവനും യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു; തന്‍റെ അപ്പൻ ഉണ്ടാക്കിയ ബാല്‍ വിഗ്രഹം അവൻ നീക്കിക്കളഞ്ഞു. എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളിൽ നിന്നു വിട്ടുമാറാതെ അവയിൽ തുടർന്നു. മോവാബ്‌രാജാവായ മേശായ്ക്ക് നിരവധി ആട്ടിൻകൂട്ടങ്ങൾ ഉണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നിരുന്നു. എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ്‌രാജാവ് യിസ്രായേൽ രാജാവിനോടു മത്സരിച്ചു. ആ കാലത്തു യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ടു യിസ്രായേൽ ജനത്തിന്‍റെ എണ്ണം എടുത്തു. പിന്നെ അവൻ: “മോവാബ്‌രാജാവ് എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിനു നീ എന്നോടൊപ്പം പോരുമോ?” എന്നു യെഹൂദാ രാജാവായ യെഹോശാഫാത്തിനോട് ആളയച്ചു ചോദിച്ചു. അതിന് അവൻ: “ഞാൻ പോരാം; നീയും ഞാനും എന്‍റെ ജനവും നിന്‍റെ ജനവും എന്‍റെ കുതിരകളും നിന്‍റെ കുതിരകളും ഒരുപോലെയല്ലോ” എന്നു പറഞ്ഞു. നാം ഏതു വഴിക്കു പോകേണം എന്നു അവൻ ചോദിച്ചതിന്: “ഏദോംമരുഭൂമി വഴിയായി തന്നെ” എന്നു അവൻ പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവ് യെഹൂദാരാജാവിനോടും ഏദോംരാജാവിനോടും ഒപ്പം പുറപ്പെട്ടു; അവർ ഏഴു ദിവസം ചുറ്റിത്തിരിഞ്ഞശേഷം, സൈന്യത്തിനും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി. അപ്പോൾ യിസ്രായേൽ രാജാവ്: “അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിനോ?” എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാടു ചോദിക്കുവാൻ ഇവിടെ യഹോവയുടെ പ്രവാചകനായി ആരുമില്ലയോ?” എന്നു ചോദിച്ചു. അപ്പോൾ യിസ്രായേൽ രാജാവിന്‍റെ ഭൃത്യന്മാരിൽ ഒരുവൻ: “ഏലീയാവിനു ശുശ്രൂഷ ചെയ്തിരുന്ന ശാഫാത്തിന്‍റെ മകൻ എലീശാ ഇവിടെ ഉണ്ട്” എന്നു പറഞ്ഞു. “അവൻ യഹോവയുടെ അരുളപ്പാടു ഉള്ളവൻ” എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവും യെഹോശാഫാത്തും ഏദോംരാജാവും ഒരുമിച്ചു അവന്‍റെ അടുക്കൽ ചെന്നു.