2 രാജാ. 23:3-7

2 രാജാ. 23:3-7 IRVMAL

രാജാവ് തൂണിനരികെ നിന്നുകൊണ്ട് താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്‍റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്‍റെ വചനങ്ങൾ നിവർത്തിക്കയും ചെയ്യാമെന്ന് യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമെല്ലാം ഈ നിയമത്തോട് യോജിച്ചു. രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവിനോടും രണ്ടാം നിരയിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരായ്ക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെ യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്ത് കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന് പുറത്തു കിദ്രോൻ പ്രദേശത്തുവച്ച് അവ തീ കൊണ്ടു ചുട്ടു, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി. യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ ചുറ്റുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും, ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു. അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽ നിന്നു യെരൂശലേമിനു പുറത്ത് കിദ്രോൻതോട്ടിലേക്കു കൊണ്ടുചെന്ന് കിദ്രോൻ താഴ്വരയിൽവച്ച് ചുട്ടു പൊടിയാക്കി, ആ പൊടി സാമാന്യജനത്തിന്‍റെ ശവക്കുഴികളുടെ മേൽ ഇട്ടുകളഞ്ഞു. സ്ത്രീകൾ അശേരായ്ക്ക് കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിലുള്ള പുരുഷവേശ്യമാരുടെ വീടുകളും അവൻ ഇടിച്ചുകളഞ്ഞു.