2 രാജാ. 2:1-14

2 രാജാ. 2:1-14 IRVMAL

യഹോവ ഏലീയാവിനെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാനുള്ള സമയമായി. ഏലീയാവ് എലീശയോടു കൂടെ ഗിൽഗാലിൽനിന്നു യാത്ര പുറപ്പെട്ടു. ഏലീയാവ് എലീശയോട്: “നീ ഇവിടെ താമസിച്ചുകൊള്ളുക; യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. എലീശാ അവനോട്: “യഹോവയാണ, നിന്‍റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി. ബേഥേലിലെ പ്രവാചകഗണം എലീശയുടെ അടുക്കൽവന്ന് അവനോട്: “യഹോവ ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ?” എന്നു ചോദിച്ചു. അതിന് അവൻ: “അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിക്കുവിൻ” എന്നു പറഞ്ഞു. ഏലീയാവ് എലീശയോട്: “നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്‍റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്നു പറഞ്ഞു. അങ്ങനെ അവർ യെരിഹോവിലേക്ക് പോയി. യെരീഹോവിലെ പ്രവാചകഗണം എലീശയുടെ അടുക്കൽവന്ന് അവനോട്: “യഹോവ ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ?” എന്നു ചോദിച്ചു. അതിന് അവൻ: “അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ” എന്നു പറഞ്ഞു. ഏലീയാവ് അവനോട്: “നീ ഇവിടെ താമസിച്ചുകൊള്ളുക; യഹോവ എന്നെ യോർദ്ദാനിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്‍റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരും യോർദാനിലേക്ക് പോയി. അവർ ഇരുവരും യോർദ്ദാൻ നദിക്കരികെ നിന്നു. അമ്പതു പ്രവാചകഗണം ദൂരെ അവർക്ക് അഭിമുഖമായി നിന്നു. അപ്പോൾ ഏലീയാവ് തന്‍റെ പുതപ്പ് എടുത്തു ചുരുട്ടി വെള്ളത്തെ അടിച്ചു; വെള്ളം രണ്ടായി പിരിഞ്ഞു; അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു. അവർ അക്കരെ കടന്നശേഷം ഏലീയാവ് എലീശയോട്: “ഞാൻ നിന്‍റെ അടുത്തു നിന്ന് എടുക്കപ്പെടും മുമ്പെ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചു കൊൾക” എന്നു പറഞ്ഞു. അതിന് എലീശാ: “നിന്‍റെ ആത്മാവിന്‍റെ ഇരട്ടി പങ്ക് എന്‍റെ മേൽ വരുമാറാകട്ടെ” എന്നു പറഞ്ഞു. അതിന് അവൻ: “നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിന്‍റെ ആഗ്രഹം സഫലമാകും; അല്ലെങ്കിൽ അതു സംഭവിക്കുകയില്ല” എന്നു പറഞ്ഞു. ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി. എലീശാ അതു കണ്ടിട്ട്: “എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളും” എന്നു നിലവിളിച്ചു; പിന്നെ ഏലീയാവിനെ കണ്ടില്ല; അപ്പോൾ അവൻ തന്‍റെ വസ്ത്രം രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു. പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്തു മടങ്ങി യോർദ്ദാനരികെ ചെന്നു നിന്നു. ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവൻ വെള്ളത്തെ അടിച്ചു: “ഏലീയാവിന്‍റെ ദൈവമായ യഹോവ എവിടെ?” എന്നു ചോദിച്ചു. അവൻ വെള്ളത്തെ അടിച്ചപ്പോൾ യോർദാൻ രണ്ടായി പിരിഞ്ഞു. എലീശാ ഇക്കരെ കടന്നു.