2 രാജാ. 13:14-21

2 രാജാ. 13:14-21 IRVMAL

ആ കാലത്ത് എലീശാ മരണകരമായ രോഗം പിടിച്ചു കിടപ്പിലായി; അപ്പോൾ യിസ്രായേൽ രാജാവായ യോവാശ് അവന്‍റെ അടുക്കൽ ചെന്നു അവന്‍റെ മുഖത്തിനു മീതേ കുനിഞ്ഞ് കരഞ്ഞു; “എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളുമായുള്ളോവേ” എന്നു പറഞ്ഞു. എലീശാ അവനോട്: “അമ്പും വില്ലും എടുക്ക” എന്നു പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു. അപ്പോൾ അവൻ യിസ്രായേൽ രാജാവിനോട്: “നിന്‍റെ കൈ വില്ലിന്മേൽവെക്കുക” എന്നു പറഞ്ഞു. അവൻ കൈവച്ചപ്പോൾ എലീശാ തന്‍റെ കൈ രാജാവിന്‍റെ കൈമേൽ വച്ചു. “കിഴക്കെ കിളിവാതിൽ തുറക്കുക” എന്നു അവൻ പറഞ്ഞു. അവൻ അത് തുറന്നപ്പോൾ: “അമ്പ് എയ്യുക” എന്നു എലീശാ പറഞ്ഞു. എയ്തപ്പോൾ അവൻ: “അത് യഹോവയുടെ ജയാസ്ത്രം, അരാമ്യർക്ക് നേരെയുള്ള ജയാസ്ത്രം തന്നെ; നീ അഫേക്കിൽവച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും” എന്നു പറഞ്ഞു. “അമ്പ് എടുക്കുക” എന്നു അവൻ പറഞ്ഞു. അവൻ എടുത്തു; “നിലത്തടിക്കുക” എന്നു അവൻ യിസ്രായേൽ രാജാവിനോട് പറഞ്ഞു. അവൻ മൂന്നുപ്രാവശ്യം അടിച്ചുനിർത്തി. അപ്പോൾ ദൈവപുരുഷൻ അവനോടു കോപിച്ചു; “നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്പിക്കും” എന്നു പറഞ്ഞു. അതിന് ശേഷം എലീശാ മരിച്ചു; അവർ അവനെ അടക്കം ചെയ്തു; പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു. ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടു മൃതശരീരം എലീശായുടെ കല്ലറയിൽ ഇട്ടു; മൃതശരീരം അതിൽ വീണ് എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു എഴുന്നേറ്റുനിന്നു.