2 കൊരി. 11:16-33

2 കൊരി. 11:16-33 IRVMAL

ഞാൻ പിന്നെയും പറയുന്നു; ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുത്; വിചാരിച്ചാലോ, ഞാനും അല്പം പ്രശംസിക്കേണ്ടതിന് ഒരു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊള്ളുവിൻ. ഞാൻ സംസാരിക്കുന്നത് കർത്താവിന്‍റെ ഹിതത്തോടെ അല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ. പലരും ജഡപ്രകാരം പ്രശംസിക്കുകയാൽ ഞാനും പ്രശംസിക്കുന്നു. നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ സഹിക്കുന്നുവല്ലോ. എന്തെന്നാൽ, നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ നിങ്ങളെ ഇരയാക്കിയാലും, ഒരുവൻ നിങ്ങളെക്കൊണ്ട് നേട്ടം ഉണ്ടാക്കിയാലും, ഒരുവൻ വെറുതെ പ്രശംസിച്ചാലും, ഒരുവൻ നിങ്ങളുടെ മുഖത്ത് അടിച്ചാലും നിങ്ങൾ സഹിക്കുന്നുവല്ലോ. അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്നു ഞാൻ അപമാനത്തോടെ പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ-ഞാൻ ബുദ്ധിഹീനനായി പറയുന്നു-ഞാനും ധൈര്യപ്പെടുന്നു. അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ; അവർ ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ? ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു - ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും മരണകരമായ അപകടത്തിൽ അകപ്പെട്ടു; യെഹൂദരാൽ ഞാൻ ഒന്ന് കുറച്ച് നാല്പത് അടി അഞ്ചുതവണ കൊണ്ടു; മൂന്നുതവണ വടികൊണ്ടുള്ള അടിയേറ്റു; ഒരിക്കൽ കല്ലേറ് കൊണ്ടു, മൂന്നുതവണ കപ്പൽനാശത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. കൂടെക്കൂടെ യാത്രചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, നിർജ്ജനപ്രദേശത്തെ ആപത്ത്, കടലിലെ ആപത്ത്, കപടസഹോദരന്മാരാലുള്ള ആപത്ത്; അദ്ധ്വാനവും കഷ്ടപ്പാടും, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പലതവണ പട്ടിണി, ശീതം, നഗ്നത എന്നീ സംഗതികൾ കൂടാതെ, എനിക്ക് ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ഉണ്ട്. ആർ ബലഹീനനായിട്ട് ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ പാപത്തിലേക്ക് നയിക്കപ്പെട്ടിട്ട് ഞാൻ കോപത്താൽ തിളയ്ക്കാതെ ഇരിക്കുന്നു? പ്രശംസിക്കണമെങ്കിൽ എന്‍റെ ബലഹീനത സംബന്ധിച്ച് ഞാൻ പ്രശംസിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു. ദമസ്കൊസിലെ അരേതാരാജാവിൻ്റെ നാടുവാഴി എന്നെ പിടിക്കുവാൻ ഇച്ഛിച്ച്, തന്‍റെ പട്ടണത്തെ കാവൽ വച്ചു കാത്തു. എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽ വഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു; അങ്ങനെ ഞാൻ അവന്‍റെ കൈയിൽനിന്നും രക്ഷപെട്ടു.