ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപതു വയസ്സായിരുന്നു; അവൻ പതിനാറു വര്‍ഷം യെരൂശലേമിൽ വാണു; എന്നാൽ അവൻ തന്‍റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളതു ചെയ്തില്ല. അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴികളിൽ നടന്ന് ബാല്‍ വിഗ്രഹങ്ങളെ വാർത്തുണ്ടാക്കി. അവൻ ബെൻ-ഹിന്നോം താഴ്വരയിൽ ധൂപം കാട്ടുകയും, യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛാചാരപ്രകാരം തന്‍റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു. അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻ കീഴിലും ബലികഴിക്കയും ധൂപം കാട്ടുകയും ചെയ്തു. ആകയാൽ അവന്‍റെ ദൈവമായ യഹോവ അവനെ അരാം രാജാവിന്‍റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ച് അസംഖ്യം പേരെ തടവുകാരായി ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽ രാജാവിന്‍റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു. അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് രെമല്യാവിന്‍റെ മകനായ പേക്കഹ് യെഹൂദയിൽ പരാക്രമശാലികളായ ഒരുലക്ഷത്തി ഇരുപതിനായിരം പേരെ ഒരു ദിവസം സംഹരിച്ചു. എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവിനെയും, രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിനു ശേഷം രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു. യിസ്രായേല്യർ തങ്ങളുടെ സഹോദരജനത്തിൽ നിന്ന് സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ തടവുകാരായി പിടിച്ചു കൊണ്ടുപോയി. വളരെയധികം കൊള്ളയിട്ടു; കൊള്ളമുതൽ ശമര്യയിലേക്കു കൊണ്ടുപോയി. എന്നാൽ യഹോവയുടെ പ്രവാചകനായ ഓദേദ്, ശമര്യയിലേക്കു മടങ്ങിവന്ന സൈന്യത്തെ എതിരേറ്റ് ചെന്നു അവരോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ച് അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശത്തോളം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു. ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളും ദൈവമായ യഹോവയുടെ മുമ്പാകെ കുറ്റക്കാർ അല്ലയോ? ആകയാൽ ഞാൻ പറയുന്നത് കേട്ടു, നിങ്ങളുടെ സഹോദരന്മാരിൽ നിന്ന് നിങ്ങൾ പിടിച്ചു കൊണ്ടുവന്ന തടവുകാരെ വിട്ടയക്കുക; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിയ്ക്കും.” അപ്പോൾ യോഹാനാന്‍റെ മകൻ അസര്യാവ്, മെശില്ലേമോത്തിന്‍റെ മകൻ ബേരെഖ്യാവ്, ശല്ലൂമിന്‍റെ മകൻ യെഹിസ്കീയാവ്, ഹദ്ലായിയുടെ മകൻ അമാസ എന്നിങ്ങനെ എഫ്രയീമ്യ തലവന്മാരിൽ ചിലർ യുദ്ധത്തിൽ നിന്ന് മടങ്ങി വന്നവരോട് എതിർത്തുനിന്ന്, അവരോട്: “നിങ്ങൾ തടവുകാരെ ഇവിടെ കൊണ്ടുവരരുത്; നാം തന്നെ യഹോവയോട് അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമ്മുടെ അകൃത്യം വലിയത്. യഹോവയുടെ ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ പടയാളികൾ തടവുകാരെ കൊള്ളമുതലോടുകൂടെ വിട്ടയച്ചു. പ്രത്യേകമായി നിയോഗിക്കപ്പെട്ട ആളുകൾ ബദ്ധന്മാരെ കൂട്ടി, അവരിൽ നഗ്നരായവരെ കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ധരിപ്പിച്ചശേഷം അവർക്ക് ഭക്ഷിക്കുവാനും കുടിക്കുവാനും കൊടുത്തു; എണ്ണയും തേപ്പിച്ചു. ക്ഷീണമുള്ളവരെ കഴുതപ്പുറത്ത് കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കിയശേഷം ശമര്യയിലേക്കു മടങ്ങിപ്പോയി.
2 ദിന. 28 വായിക്കുക
കേൾക്കുക 2 ദിന. 28
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ദിന. 28:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ