1 ശമു. 8:1-9

1 ശമു. 8:1-9 IRVMAL

ശമൂവേൽ വൃദ്ധനായപ്പോൾ തന്‍റെ പുത്രന്മാരെ യിസ്രായേലിനു ന്യായാധിപന്മാരാക്കി. അവന്‍റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തെ മകന് അബീയാവ് എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തു. ശമൂവേലിന്‍റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു. അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു. അതുകൊണ്ട് യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്‍റെ അടുക്കൽവന്നു. അവർ അവനോട്: “നീ വൃദ്ധനായിരിക്കുന്നു; നിന്‍റെ പുത്രന്മാർ നിന്‍റെ വഴിയിൽ നടക്കുന്നില്ല; അതിനാൽ എല്ലാ ജനതകൾക്കും ഉള്ളതുപോലെ, ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം” എന്നു പറഞ്ഞു. ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവർ പറഞ്ഞ കാര്യം ശമൂവേലിന് ഇഷ്ടമായില്ല. ശമൂവേൽ യഹോവയോട് പ്രാർത്ഥിച്ചു. യഹോവ ശമൂവേലിനോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോട് പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്കുക, അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതിരിക്കുവാൻ, എന്നെയാണ് ഉപേക്ഷിച്ചിരിക്കുന്നത്. ഞാൻ അവരെ മിസ്രയീമിൽനിന്ന് വിടുവിച്ച ദിവസംമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും, അന്യദൈവങ്ങളെ സേവിക്കുകയും ചെയ്തു. അവർ അതുപോലെ തന്നെ നിന്നോടും ചെയ്യുന്നു. അതുകൊണ്ട് അവരുടെ അപേക്ഷ കേൾക്കേണം; എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാവിന്‍റെ പ്രവർത്തനരീതി അവരോടു കൃത്യമായി വിവരിക്കേണം.”