1 ശമു. 24:1-10

1 ശമു. 24:1-10 IRVMAL

ശൗല്‍ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവനു അറിവുകിട്ടി. അപ്പോൾ ശൗല്‍ എല്ലാ യിസ്രായേലിൽ നിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരം പേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അവന്‍റെ ആളുകളെയും തിരയുവാൻ കാട്ടാടുകളുടെ പാറകളിൽ ചെന്നു. അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു. ശൗല്‍ വിസർജ്ജനത്തിനായി അതിൽ കടന്നു; എന്നാൽ ദാവീദും അവന്‍റെ ആളുകളും ഗുഹയുടെ ഉള്ളിൽ താമസിച്ചിരുന്നു. ദാവീദിന്‍റെ ആളുകൾ അവനോട്: “ഞാൻ നിന്‍റെ ശത്രുവിനെ നിന്‍റെ കയ്യിൽ ഏല്പിക്കും; നിന്‍റെ ഇഷ്ടംപോലെ അവനോട് ചെയ്യാം എന്നു യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്‍റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. എന്നാൽ ശൗലിന്‍റെ മേലങ്കിയുടെ അറ്റം മുറിച്ചുകളഞ്ഞതുകൊണ്ട് ദാവീദിന്‍റെ മനസ്സിൽ വേദനയുണ്ടായി. അവൻ തന്‍റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്‍റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ ദാവീദ് തന്‍റെ ആളുകളെ ശാസിച്ച് നിയന്ത്രിച്ചു; ശൗലിനെ ദ്രോഹിക്കുവാൻ അവരെ അനുവദിച്ചില്ല. ശൗല്‍ ഗുഹയിൽനിന്ന് ഇറങ്ങി തന്‍റെ വഴിക്ക് പോയി. ദാവീദും ഗുഹയിൽനിന്ന് പുറത്തിറങ്ങി ശൗലിനോട്: “എന്‍റെ യജമാനനായ രാജാവേ” എന്നു വിളിച്ചു. ശൗല്‍ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ് ശൗലിനോട്: “ദാവീദ് നിനക്ക് ദോഷം ചെയ്യുന്നു എന്നു പറയുന്നവരുടെ വാക്ക് നീ വിശ്വസിക്കുന്നത് എന്ത്? യഹോവ ഇന്ന് ഗുഹയിൽവച്ച് നിന്നെ എന്‍റെ കയ്യിൽ ഏല്പിച്ചിരുന്നു എന്നു നീ അറിഞ്ഞാലും; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്‍റെ യജമാനന്‍റെ നേരെ ഒരംശം പോലും ഞാൻ കയ്യെടുക്കുകയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.