1 ശമു. 21:1-6

1 ശമു. 21:1-6 IRVMAL

ദാവീദ് നോബ് എന്ന സ്ഥലത്ത് പുരോഹിതനായ അഹീമേലെക്കിന്‍റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ വിറയലോടെ എതിരേറ്റ് അവനോട്: “ആരും കൂടെ ഇല്ലാതെ നീ തനിച്ചുവന്നത് എന്ത്?” എന്നു ചോദിച്ചു. ദാവീദ് പുരോഹിതനായ അഹീമേലെക്കിനോട്: “രാജാവ് എന്നെ ഒരു കാര്യം ഏല്പിച്ചു. ഞാൻ നിന്നെ അയച്ചതും നിന്നോട് കല്പിച്ചതുമായ കാര്യം ഒന്നും ആരും അറിയരുത് എന്നു കല്പിച്ചിരിക്കുന്നു. എന്‍റെ ബാല്യക്കാർ ഒരു പ്രത്യേക സ്ഥലത്ത് വരണമെന്ന് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിന്‍റെ കയ്യിൽ എന്തെങ്കിലും ഉണ്ടോ? ഒരു അഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കയ്യിൽ ഉള്ളതെന്തെങ്കിലും എനിക്ക് തരേണം” എന്നു പറഞ്ഞു. അതിന് പുരോഹിതൻ ദാവീദിനോട്: “വിശുദ്ധമായ അപ്പം അല്ലാതെ സാധാരണ അപ്പം എന്‍റെ കയ്യിൽ ഇല്ല; ബാല്യക്കാർ സ്ത്രീസംസർഗ്ഗം ഇല്ലാത്തവരാണ് എങ്കിൽ തരാമെന്ന്” ഉത്തരം പറഞ്ഞു. ദാവീദ് പുരോഹിതനോട്: “മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഇത് ഒരു സാധാരണ യാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നെ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും” എന്നു പറഞ്ഞു. അങ്ങനെ പുരോഹിതൻ അവന് വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന് യഹോവയുടെ സന്നിധിയിൽനിന്ന് നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.