അതിനുശേഷം ദാവീദ് രാമയിലെ നയ്യോത്തിൽനിന്നും ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: “ഞാൻ എന്ത് ചെയ്തു? എന്റെ കുറ്റം എന്ത്? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന് അവനോട് ഞാൻ ചെയ്ത പാപം എന്ത്?” എന്നു ചോദിച്ചു യോനാഥാൻ അവനോട്: “അങ്ങനെ സംഭവിക്കുകയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ ആയ യാതൊരു കാര്യവും ചെയ്കയില്ല; പിന്നെ ഈ കാര്യം എന്നെ മറച്ചുവയ്ക്കുവാൻ കാരണം എന്ത്? അങ്ങനെ സംഭവിക്കുകയില്ല” എന്നു പറഞ്ഞു. ദാവീദ് പിന്നെയും അവനോട്: “എന്നോട് നിനക്ക് പ്രിയമാകുന്നുവെന്ന് നിന്റെ പിതാവിന് നല്ലവണ്ണം അറിയാം. അതുകൊണ്ട് യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന് നീ ഇത് അറിയരുത് എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും ഇടയിൽ ഒരടി അകലം മാത്രമേയുള്ളു” എന്നു സത്യംചെയ്തു പറഞ്ഞു. അപ്പോൾ യോനാഥാൻ ദാവീദിനോട്: “നിന്റെ ആഗ്രഹം എന്ത്? ഞാൻ അത് ചെയ്തുതരും” എന്നു പറഞ്ഞു. ദാവീദ് യോനാഥാനോട് പറഞ്ഞത്: “നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന് ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാംദിവസം വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിക്കുവാൻ എനിക്ക് അനുവാദം തരേണം. നിന്റെ പിതാവ് എന്നെ അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലഹേമിലേക്ക് ഒന്ന് പോയിവരേണ്ടതിന് എന്നോട് താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള വാർഷികയാഗം ഉണ്ട് എന്നു ബോധിപ്പിക്കേണം. ശരി എന്നു അവൻ പറഞ്ഞാൽ അടിയൻ സുരക്ഷിതനാണ്; എന്നാൽ കോപിച്ചാൽ, അവൻ ദോഷം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളണം. എന്നാൽ അങ്ങ് അടിയനോട് ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി ഒരു ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിൽ അങ്ങ് തന്നെ എന്നെ കൊല്ലുക; പിതാവിന്റെ അടുക്കൽ എന്നെ കൊണ്ടുപോകുന്നത് എന്തിന്?” അതിന് യോനാഥാൻ: “അങ്ങനെ നിനക്ക് ഭവിക്കാതിരിക്കട്ടെ; എന്റെ പിതാവ് നിനക്ക് ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ” എന്നു പറഞ്ഞു. ദാവീദ് യോനാഥാനോട്: “നിന്റെ അപ്പൻ നിന്നോട് കഠിനമായി ഉത്തരം പറഞ്ഞാൽ അത് ആർ എന്നെ അറിയിക്കും?” എന്നു ചോദിച്ചു. യോനാഥാൻ ദാവീദിനോട്: “നമുക്ക് വയലിലേക്ക് പോകാം” എന്നു പറഞ്ഞു. അവർ വയലിലേക്ക് പോയി. പിന്നെ യോനാഥാൻ ദാവീദിനോട് പറഞ്ഞത്: “യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷിയായിരിക്കട്ടെ. നാളെയോ അതിനടുത്ത ദിവസമോ എന്റെ അപ്പന്റെ ഹിതമറിഞ്ഞ് നിനക്ക് ഗുണമെന്ന് കണ്ടാൽ ഞാൻ ആളയച്ച് നിന്നെ അറിയിക്കും. എന്നാൽ നിന്നോട് ദോഷം ചെയ്വാനാകുന്നു എന്റെ പിതാവിന്റെ ഭാവമെങ്കിൽ ഞാൻ അത് നിന്നെ അറിയിച്ച് നിന്നെ സുരക്ഷിതനായി പറഞ്ഞയക്കും. ഞാനത് ചെയ്യുന്നില്ലെങ്കിൽ യഹോവ എന്നെ ശിക്ഷിക്കട്ടെ. യഹോവ എന്റെ പിതാവിനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ. ഞാൻ ഇനി ജീവനോടിരിക്കുന്നു എങ്കിൽ ഞാൻ മരിക്കാതിരിക്കേണ്ടതിന് നീ എന്നോടും എന്റെ ഭവനത്തോടും യഹോവയുടെ ദയ കാണിക്കേണം. നിന്റെ ദയ ഒരിക്കലും ഇല്ലാതെയാകരുത്; യഹോവ ദാവീദിന്റെ ശത്രുക്കളെയെല്ലാം ഭൂമിയിൽനിന്ന് നീക്കിക്കളയുന്ന സമയത്തും നീ ദയ കാണിക്കേണം.” ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോട് ഉടമ്പടിചെയ്തു. ദാവീദിന്റെ ശത്രുക്കളോട് യഹോവ പകരം ചോദിക്കും. യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കുകയാൽ അവനെക്കൊണ്ട് പിന്നെയും സത്യംചെയ്യിച്ചു.
1 ശമു. 20 വായിക്കുക
കേൾക്കുക 1 ശമു. 20
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമു. 20:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ