1 ശമു. 14:1-23

1 ശമു. 14:1-23 IRVMAL

ഒരു ദിവസം ശൗലിന്‍റെ മകൻ യോനാഥാൻ തന്‍റെ ആയുധവാഹകനോട്: “വരിക, നാം ഫെലിസ്ത്യരുടെ പട്ടാളത്തിന്‍റെ നേരേ ചെല്ലുക” എന്നു പറഞ്ഞു. അവൻ അത് അപ്പനോട് പറഞ്ഞില്ല. ശൗല്‍ ഗിബെയയുടെ അതിർത്തിയിൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന ഭടന്മാർ ഏകദേശം അറുനൂറ് പേർ ആയിരുന്നു. ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ, ഫീനെഹാസിന്‍റെ മകനായ, ഈഖാബോദിന്‍റെ സഹോദരനായ, അഹീതൂബിന്‍റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയത് ജനം അറിഞ്ഞില്ല. ഫെലിസ്ത്യ സൈന്യത്തെ നേരിടുവാൻ യോനാഥാൻ പോകേണ്ടിയിരുന്ന വഴിയിൽ രണ്ടുവശത്തും മൂർച്ചയേറിയ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും ആയിരുന്നു പേർ. ഒന്ന് വടക്കുവശം മിക്മാസിന് അഭിമുഖമായും മറ്റേത് തെക്കുവശം ഗിബെയെക്ക് അഭിമുഖമായും നിന്നിരുന്നു. യോനാഥാൻ തന്‍റെ ആയുധവാഹകനോട്: “വരിക, നമുക്ക് ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്‍റെ നേരെ ചെല്ലാം; യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്ക് പ്രായസമില്ലല്ലോ” എന്നു പറഞ്ഞു. ആയുധവാഹകൻ അവനോട്: “നിന്‍റെ ഇഷ്ടംപോലെ പ്രവർത്തിക്കുക; നടന്നുകൊൾക; നിന്‍റെ മനസ്സുപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. അതിന് യോനാഥാൻ പറഞ്ഞത്: “നാം അവരുടെ നേരെ ചെന്നു അവർക്ക് നമ്മെത്തന്നെ കാണിക്കാം; ഞങ്ങൾ വരുന്നതുവരെ അവിടെ നില്പിൻ എന്നു അവർ പറഞ്ഞാൽ, നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നില്ക്കുന്നിടത്തു തന്നെ നമുക്ക് നില്ക്കാം. ഇങ്ങോട്ട് കയറിവരുവിൻ എന്നു പറഞ്ഞാൽ നമുക്ക് കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് നമുക്ക് അടയാളം ആയിരിക്കും.” ഇങ്ങനെ അവർ രണ്ടുപേരും ഫെലിസ്ത്യരുടെ പട്ടാളത്തിന് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ: “ഇതാ, എബ്രായർ ഒളിച്ചിരുന്ന ഗുഹകളിൽനിന്ന് പുറപ്പെട്ടു വരുന്നു” എന്നു ഫെലിസ്ത്യർ പറഞ്ഞു. പട്ടാളക്കാർ യോനാഥാനോടും അവന്‍റെ ആയുധവാഹകനോടും: “ഇങ്ങോട്ട് കയറിവരുവിൻ; ഞങ്ങൾ നിങ്ങൾക്ക് ഒരു കാര്യം കാണിച്ചുതരാം” എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്‍റെ ആയുധവാഹകനോട്: “എന്‍റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ യോനാഥാനും അവന്‍റെ പിന്നാലെ ആയുധവാഹകനും മുകളിലേക്ക് വലിഞ്ഞു കയറി; ഫെലിസ്ത്യർ യോനാഥാന്‍റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്‍റെ പിന്നാലെ നടന്ന് അവരെ കൊന്നു. യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഏകദേശം അര ഏക്കർ സ്ഥലത്ത് ഇരുപതു പേർ വീണു. പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി. പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ദൈവം അയച്ച വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമി കുലുങ്ങി. അപ്പോൾ ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്‍റെ കാവല്ക്കാർ നോക്കി. ഫെലിസ്ത്യർ ചിതറി അങ്ങുമിങ്ങും ഓടുന്നത് കണ്ടു. ശൗല്‍ കൂടെയുള്ള ജനത്തോട്: “നമ്മുടെ കൂട്ടത്തിൽനിന്ന് പോയതാരെന്ന് അറിയുവാൻ എണ്ണി നോക്കുവിൻ” എന്നു കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്‍റെ ആയുധവാഹകനും ഇല്ലായിരുന്നു. ശൗല്‍ അഹീയാവിനോട്: “ദൈവത്തിന്‍റെ പെട്ടകം ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു. ദൈവത്തിന്‍റെ പെട്ടകം ആ കാലത്ത് യിസ്രായേൽ മക്കളുടെ അടുക്കൽ ഉണ്ടായിരുന്നു. ശൗല്‍ പുരോഹിതനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വർദ്ധിച്ചുവന്നു. അപ്പോൾ ശൗല്‍ പുരോഹിതനോട്: “നിന്‍റെ കൈ പിൻവലിക്ക” എന്നു പറഞ്ഞു. പിന്നീട് ശൗലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി യുദ്ധത്തിന് ചെന്നപ്പോൾ അവർ അന്യോന്യം വെട്ടി. അവിടെ ആകെ വലിയ കലക്കം ഉണ്ടായി. നേരെത്തെ ഫെലിസ്ത്യരോടുകൂടെ ആയിരുന്നവരും, അവരുടെ പാളയത്തിൽ ചേർന്നവരുമായ എബ്രായർ, ശൗലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം ചേർന്നു. അങ്ങനെ തന്നെ, എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും, ഫെലിസ്ത്യർ തോറ്റോടി എന്നു കേട്ടയുടനെ പടക്കൂട്ടത്തിൽ ചേർന്ന് അവരെ പിന്തുടർന്നു. അങ്ങനെ യഹോവ അന്ന് യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻ വരെ വ്യാപിച്ചു.