1 രാജാ. 16:1-7

1 രാജാ. 16:1-7 IRVMAL

ബയെശയ്ക്കു വിരോധമായി ഹനാനിയുടെ മകൻ യേഹൂവിനു യഹോവയുടെ അരുളപ്പാടുണ്ടായത്: “ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവാക്കിവച്ചു; നീയോ യൊരോബെയാമിന്‍റെ വഴിയിൽ നടന്ന് എനിക്ക് കോപം ജ്വലിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു. അതുകൊണ്ട് ഞാൻ ബയെശയെയും അവന്‍റെ ഗൃഹത്തെയും നിശ്ശേഷം നശിപ്പിക്കും; നിന്‍റെ ഗൃഹത്തെ നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ ഗൃഹത്തെപ്പോലെ ആക്കും. ബയെശയുടെ സന്തതികളിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.” ബയെശയുടെ മറ്റ് പ്രവൃത്തികളും അവൻ ചെയ്ത വീര്യപ്രവൃത്തികളും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ബയെശാ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സയിൽ അടക്കം ചെയ്തു; അവന്‍റെ മകൻ ഏലാ അവനു പകരം രാജാവായി. ബയെശാ യഹോവയുടെ കൺമുൻപിൽ യൊരോബെയാംഗൃഹത്തെപ്പോലെ സകല ദുഷ്ടതകളും പ്രവൃത്തിച്ച് യഹോവയെ കോപിപ്പിക്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടത്രേ അവന്‍റെ ഗൃഹത്തിനു വിരോധമായി ഹനാനിയുടെ മകൻ യേഹൂപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു.