1 കൊരി. 7:10-16

1 കൊരി. 7:10-16 IRVMAL

വിവാഹം കഴിഞ്ഞവരോടോ ഞാൻ-ഞാനല്ല കർത്താവ് തന്നെ - കല്പിക്കുന്നത്: ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹം കൂടാതെ പാർക്കേണം; അല്ലെങ്കിൽ ഭർത്താവിനോട് യോജിപ്പിലെത്തേണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്. എന്നാൽ മറ്റുള്ളവരോട് കർത്താവല്ല ഞാൻ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾ അവനോടുകൂടെ പാർക്കുവാൻ സമ്മതിക്കുകയും ചെയ്താൽ അവളെ ഉപേക്ഷിക്കരുത്. അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർക്കുവാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുത്. എന്തെന്നാൽ, അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും, അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരുമല്ലോ; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു. എങ്കിലും അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വക കാ‍ര്യങ്ങളിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിക്കുവാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. ഭാര്യയേ, നീ ഭർത്താവിന് രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? ഭർത്താവേ, നീ ഭാര്യയ്ക്ക് രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?