1 കൊരി. 7:1-9

1 കൊരി. 7:1-9 IRVMAL

ഇനി നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്‍റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നത് മനുഷ്യനു നല്ലത്. എങ്കിലും ദുർന്നടപ്പ് നിമിത്തം ഓരോ പുരുഷനും സ്വന്തഭാര്യയും, ഓരോ സ്ത്രീക്കും സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ. ഭർത്താവ് ഭാര്യയോടും, ഭാര്യ ഭർത്താവിനോടുമുള്ള ഉത്തരവാദിത്തം നിർവഹിക്കേണം. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്‍റെ ശരീരത്തിന്മേൽ അവനല്ല ഭാര്യയ്ക്കത്രേ അധികാരം. പ്രാർത്ഥനയ്ക്കു നിങ്ങളെത്തന്നെ സമർപ്പിക്കുവാനല്ലാതെ, അല്പസമയത്തേക്ക് നിങ്ങൾ തമ്മിൽ പരസ്പര സമ്മതമില്ലാ‍തെ വേർപിരിഞ്ഞിരിക്കരുത്. എന്നാൽ നിങ്ങളുടെ ആത്മസംയമനമില്ലായ്മ നിമിത്തം, സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന് വീണ്ടും ചേർന്നിരിക്കുക. ഞാൻ ഇത് കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നത്. സകലമനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും വരം ദൈവം നല്കിയിരിക്കുന്നു. വിവാഹം കഴിയാത്തവരോടും വിധവമാരോടും: എന്നെപ്പോലെ താമസിക്കുന്നത് അവർക്ക് കൊള്ളാം എന്നു ഞാൻ പറയുന്നു. എന്നാൽ, ആത്മസംയമനം ഇല്ലെങ്കിൽ അവർ വിവാഹം ചെയ്യട്ടെ; വികാരാസക്തികൊണ്ട് എരിയുന്നതിനേക്കാൾ വിവാഹം ചെയ്യുന്നത് നല്ലത്.