1 കൊരി. 3:10-23

1 കൊരി. 3:10-23 IRVMAL

ദൈവം എനിക്ക് നൽകിയ കൃപയ്ക്ക് ഒത്തവണ്ണം ഞാൻ വിദഗ്ദ്ധനായ ഒരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരാൾ അതിന് മീതെ പണിയുന്നു; എന്നാൽ, താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. എന്തെന്നാൽ, യേശുക്രിസ്തു എന്ന അടിസ്ഥാനമല്ലാതെ മറ്റൊരു അടിസ്ഥാനം ഇടുവാൻ ആർക്കും കഴിയുകയില്ല. ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ രത്നങ്ങൾ, മരം, പുല്ല്, വൈക്കോൽ എന്നിവകൊണ്ട് പണിയുന്നു എങ്കിൽ അവരുടെ പ്രവൃത്തി വെളിപ്പെട്ടുവരും; ആ ദിവസം അതിനെ തെളിവാക്കും; അത് തീയാൽ വെളിപ്പെട്ടുവരും; ഓരോരുത്തരുടെയും പ്രവൃത്തി ഏതു വിധത്തിലുള്ളതെന്ന് തീ തന്നെ ശോധന ചെയ്യും. ഒരുവൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവനു പ്രതിഫലം കിട്ടും. ഒരുവന്‍റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവൻ നഷ്ടം അനുഭവിക്കും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ. നിങ്ങൾ ദൈവത്തിന്‍റെ മന്ദിരം ആണെന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; എന്തെന്നാൽ, ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളാകുന്നുവല്ലോ ആ ആലയം. ആരും സ്വയം വഞ്ചിക്കരുത്; നിങ്ങളിൽ ആരെങ്കിലും ഈ കാലഘട്ടത്തിൽ ജ്ഞാനി എന്നു കരുതുന്നുവെങ്കിൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ. എന്തെന്നാൽ ഈ ലോകത്തിന്‍റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ കുടുക്കുന്നു” എന്നും “കർത്താവ് ജ്ഞാനികളുടെ ചിന്തകൾ വ്യർത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ ആരും മനുഷ്യരെക്കുറിച്ച് പ്രശംസിക്കരുത്; സകലവും നിങ്ങൾക്കുള്ളതല്ലോ. പൗലൊസോ, അപ്പൊല്ലോസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളത്. നിങ്ങളോ ക്രിസ്തുവിനുള്ളവർ; ക്രിസ്തു ദൈവത്തിനുള്ളവൻ.