ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിക്കപ്പെടുന്നു എങ്കിൽ, മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ? എന്നാൽ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യർത്ഥമാണ്. മരിച്ചവർ ഉയിർക്കപ്പെടുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന് വിരോധമായി സാക്ഷ്യം പറയുകയാൽ ഞങ്ങൾ ദൈവത്തിന് കള്ളസാക്ഷികൾ എന്നറിയപ്പെടും. എന്തെന്നാൽ മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. അപ്പോൾ ക്രിസ്തുവിൽ മരിച്ചവരും നശിച്ചുപോയി. ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ നാം സകലമനുഷ്യരിലും ദയനീയരത്രേ. എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരുടെ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തിരിക്കുന്നു. എന്തെന്നാൽ മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. എന്നാൽ ഓരോരുത്തരും അവനവന്‍റെ ക്രമത്തിൽ ആയിരിക്കും; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവന്‍റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിയ്ക്കും നീക്കം വരുത്തിയിട്ട് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. എന്തെന്നാൽ അവൻ സകലശത്രുക്കളെയും തന്‍റെ കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. അവസാനത്തെ ശത്രുവായിട്ട് മരണം നീങ്ങിപ്പോകും. സകലത്തെയും അവന്‍റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; എന്നാൽ സകലവും അവനു കീഴ്പെട്ടിരിക്കുന്നു എന്നു അവൻ പറഞ്ഞാൽ, സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവനു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്, പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന് കീഴ്പെട്ടിരിക്കും.
1 കൊരി. 15 വായിക്കുക
കേൾക്കുക 1 കൊരി. 15
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 കൊരി. 15:12-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ