1 കൊരി. 15:1-28

1 കൊരി. 15:1-28 IRVMAL

എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോട് പ്രസംഗിച്ചതും നിങ്ങൾ സ്വീകരിച്ചതും, നിങ്ങൾ നിലനില്ക്കുന്നതും നിങ്ങൾ രക്ഷിക്കപ്പെട്ടതുമായ സുവിശേഷം നിങ്ങൾ മുറുകെപ്പിടിക്കുക. അല്ലെങ്കിൽ നിങ്ങൾ വിശ്വസിച്ചത് വെറുതെ ആയിപ്പോകും എന്നു ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ച് അടക്കപ്പെട്ടു. തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റു. കേഫാവിനും പിന്നെ പന്ത്രണ്ടു പേർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഏറ്റവും പ്രധാനമായി ഞാൻ മനസ്സിലാക്കിയതുതന്നെ നിങ്ങൾക്ക് ഏല്പിച്ചുതന്നുവല്ലോ. അതിന് ശേഷം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. പിന്നീട് അവൻ യാക്കോബിനും ശേഷം, അപ്പൊസ്തലന്മാർ എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ, സമയം തെറ്റി ജനിച്ച എനിക്കും പ്രത്യക്ഷനായി; എന്തെന്നാൽ ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിനു യോഗ്യനുമല്ല. എങ്കിലും ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്‍റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ കൂടുതൽ അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ. ഞാനാകട്ടെ അവരാകട്ടെ ഇപ്രകാരം ഞങ്ങൾ പ്രസംഗിക്കുന്നു; അത് നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു. ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിക്കപ്പെടുന്നു എങ്കിൽ, മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ? എന്നാൽ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യർത്ഥമാണ്. മരിച്ചവർ ഉയിർക്കപ്പെടുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന് വിരോധമായി സാക്ഷ്യം പറയുകയാൽ ഞങ്ങൾ ദൈവത്തിന് കള്ളസാക്ഷികൾ എന്നറിയപ്പെടും. എന്തെന്നാൽ മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. അപ്പോൾ ക്രിസ്തുവിൽ മരിച്ചവരും നശിച്ചുപോയി. ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ നാം സകലമനുഷ്യരിലും ദയനീയരത്രേ. എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരുടെ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തിരിക്കുന്നു. എന്തെന്നാൽ മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. എന്നാൽ ഓരോരുത്തരും അവനവന്‍റെ ക്രമത്തിൽ ആയിരിക്കും; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവന്‍റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിയ്ക്കും നീക്കം വരുത്തിയിട്ട് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. എന്തെന്നാൽ അവൻ സകലശത്രുക്കളെയും തന്‍റെ കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. അവസാനത്തെ ശത്രുവായിട്ട് മരണം നീങ്ങിപ്പോകും. സകലത്തെയും അവന്‍റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; എന്നാൽ സകലവും അവനു കീഴ്പെട്ടിരിക്കുന്നു എന്നു അവൻ പറഞ്ഞാൽ, സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവനു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്, പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന് കീഴ്പെട്ടിരിക്കും.