1 ദിന. 12:23-40

1 ദിന. 12:23-40 IRVMAL

യഹോവയുടെ വചനം അനുസരിച്ച് ശൗലിന്‍റെ രാജത്വം ദാവീദിന് നൽകുവാൻ യുദ്ധത്തിന് തയ്യാറായി ഹെബ്രോനിൽ അവന്‍റെ അടുക്കൽ വന്ന ആയുധധാരികളായ പടയാളികളുടെ കണക്ക്: പരിചയും കുന്തവും വഹിച്ച് യുദ്ധസന്നദ്ധരായ യെഹൂദ്യർ ആറായിരത്തിഎണ്ണൂറു (6,800) പേർ. ശിമെയോന്യരിൽ ശൗര്യമുള്ള യുദ്ധവീരന്മാർ എഴായിരത്തിഒരുനൂറു (7,100) പേർ. ലേവ്യരിൽ നാലായിരത്തിഅറുനൂറു (4,600) പേർ, അഹരോന്യരിൽ പ്രഭുവായ യെഹോയാദായും അവനോടുകൂടെ മൂവായിരത്തിഎഴുനൂറു (3,700) പേർ. പരാക്രമശാലിയും യുവാവുമായ സാദോക്ക്, അവന്‍റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ. ശൗലിന്‍റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരം (3,000) പേർ; അവരിൽ കൂടുതൽ പേരും ശൗലിന്‍റെ കുടുംബത്തോട് അതുവരെ വിശ്വസ്തരായിരുന്നു. എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രസിദ്ധരായ ഇരുപതിനായിരത്തിഎണ്ണൂറുപേർ (20,800). മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരം (18,000) പേർ. ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന് ഇവരെ പേരുപേരായി ചുമതലപ്പെടുത്തിയിരുന്നു. യിസ്രായേൽ കാലത്തിനനുസരിച്ച് എന്തു ചെയ്യേണം എന്നു അറിവുള്ള യിസ്സാഖാര്യരുടെ തലവന്മാർ ഇരുനൂറുപേർ (200). അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനയ്ക്കു വിധേയരായിരുന്നു. സെബൂലൂനിൽ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന് പുറപ്പെട്ടവർ അമ്പതിനായിരം (50,000) പേർ. നഫ്താലിയിൽ നായകന്മാർ ആയിരം (1,000) പേർ; അവരോടുകൂടെ പരിചയും കുന്തവും വഹിച്ചവർ മുപ്പത്തേഴായിരം (37,000) പേർ. ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തിഅറുനൂറു (28,600) പേർ. ആശേരിൽ യുദ്ധസന്നദ്ധരായി പടക്ക് പുറപ്പെട്ടവർ നാല്പതിനായിരം (40,000) പേർ. യോർദ്ദാന് അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ഒരുലക്ഷത്തിഇരുപതിനായിരം (1,20,000) പേർ. അണിനിരക്കുവാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലാ യിസ്രായേലിന്‍റെയും രാജാവാക്കേണ്ടതിന് ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള എല്ലാ യിസ്രായേലും ദാവീദിനെ രാജാവാക്കേണ്ടതിന് ഐകമത്യപ്പെട്ടിരുന്നു. അവരുടെ സഹോദരന്മാർ അവർക്ക് വേണ്ടി വിഭവങ്ങൾ ഒരുക്കിയിരുന്നതിനാൽ അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നുദിവസം പാർത്തു. യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നു. അതുകൊണ്ട് സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവരോടുകൂടെ കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവ്, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.