രൂത്ത് 2:5-13

രൂത്ത് 2:5-13 MALOVBSI

കൊയ്ത്തുകാരുടെ മേലാളായ ഭൃത്യനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു. കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്‍ദേശത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു; ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്ന് അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്ന് ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളൂ എന്നുത്തരം പറഞ്ഞു. ബോവസ് രൂത്തിനോട്: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക. അവർ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്‍ടിവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്ന് ബാല്യക്കാർ കോരിവച്ചതിൽനിന്നു കുടിച്ചുകൊൾക എന്നു പറഞ്ഞു. എന്നാറെ അവൾ സാഷ്ടാംഗം വീണ് അവനോട്: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്ക് എന്നോടു ദയ തോന്നിയത് എങ്ങനെ എന്നു പറഞ്ഞു. ബോവസ് അവളോട്: നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മയ്ക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ട്, മുമ്പേ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു. നിന്റെ പ്രവൃത്തിക്ക് യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്ക് അവൻ പൂർണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു. അതിന് അവൾ: യജമാനനേ, ഞാൻ നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എന്നു വരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോട് ദയയായി സംസാരിക്കയും ചെയ്‍വാൻ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.