ഞാൻ ഒരു കാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു. ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്ക് മരണഹേതുവായി തീർന്നു എന്ന് ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ട് കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ. എന്നാൽ നന്മയായുള്ളത് എനിക്കു മരണകാരണമായിത്തീർന്നു എന്നോ? ഒരുനാളും അരുത്, പാപമത്രേ മരണമായിത്തീർന്നത്; അതു നന്മയായുള്ളതിനെക്കൊണ്ട് എനിക്കു മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിനും കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിനുംതന്നെ. ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിനു ദാസനായി വില്ക്കപ്പെട്ടവൻ തന്നെ. ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെയല്ല, പകയ്ക്കുന്നതിനെ അത്രേ ചെയ്യുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്നു ഞാൻ സമ്മതിക്കുന്നു. ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. എന്നിൽ എന്നുവച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്വാനുള്ള താൽപര്യം എനിക്കുണ്ട്; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന് അധീനമായ ശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നെ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.
റോമർ 7 വായിക്കുക
കേൾക്കുക റോമർ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: റോമർ 7:9-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ