റോമർ 6:6-18

റോമർ 6:6-18 MALOVBSI

നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽനിന്നു മോചനം പ്രാപിച്ചിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു. അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ. ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമർപ്പിക്കയും അരുത്. നിങ്ങളെത്തന്നെ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിനു സമർപ്പിച്ചുകൊൾവിൻ. നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. എന്നാലെന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്. നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നെ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചുപോരുകയും ചെയ്യുന്നവനു ദാസന്മാർ ആകുന്നു എന്ന് അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർതന്നെ. എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവം അനുസരിച്ച് പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിനു സ്തോത്രം.

റോമർ 6:6-18 - നുള്ള വീഡിയോ