റോമർ 15:1-16

റോമർ 15:1-16 MALOVBSI

എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽതന്നെ പ്രസാദിക്കാതിരിക്കയും വേണം. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മയ്ക്കായിട്ട് ആത്മികവർധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കേണം. “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണു” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നിൽത്തന്നെ പ്രസാദിച്ചില്ല. എന്നാൽ മുൻ എഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു. എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്ത്വീകരിക്കേണ്ടതിന് സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ. അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്ത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന് ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്ത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. “അതുകൊണ്ട് ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിനു സ്തുതി പാടും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. മറ്റൊരേടത്തു: “ജാതികളേ, അവന്റെ ജനത്തോട് ഒന്നിച്ച് ആനന്ദിപ്പിൻ” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ“ എന്നും പറയുന്നു. “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവയ്ക്കും” എന്നു യെശയ്യാവ് പറയുന്നു. എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ. സഹോദരന്മാരേ, നിങ്ങൾതന്നെ ദയാപൂർണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ച് ഉറച്ചിരിക്കുന്നു. എങ്കിലും ജാതികൾ എന്ന വഴിപാട് പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാൻ ഞാൻ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ട് ജാതികളിൽ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന് ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓർമപ്പെടുത്തുംവണ്ണം ഞാൻ ചിലേടത്ത് അതിധൈര്യമായി നിങ്ങൾക്ക് എഴുതിയിരിക്കുന്നു.

റോമർ 15:1-16 - നുള്ള വീഡിയോ