റോമർ 11:25-36

റോമർ 11:25-36 MALOVBSI

സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കുതന്നെ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു; ജാതികളുടെ പൂർണസംഖ്യ ചേരുവോളം യിസ്രായേലിന് അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു. ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽനിന്ന് അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്ന് എഴുതിയിരിക്കുന്നുവല്ലോ. സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ. തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർ നിമിത്തം പ്രിയന്മാർ. ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ച് അനുതപിക്കുന്നില്ലല്ലോ. നിങ്ങൾ മുമ്പേ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ, നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കു കരുണ ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു. ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന് എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു. ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്റെ മനസ്സ് അറിഞ്ഞവൻ ആർ? അവനു മന്ത്രിയായിരുന്നവൻ ആർ? അവനു വല്ലതും മുമ്പേ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ? സകലവും അവനിൽനിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്ത്വം, ആമേൻ.

റോമർ 11:25-36 - നുള്ള വീഡിയോ