സങ്കീർത്തനങ്ങൾ 89:5-17

സങ്കീർത്തനങ്ങൾ 89:5-17 MALOVBSI

യഹോവേ, സ്വർഗം നിന്റെ അദ്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും. സ്വർഗത്തിൽ യഹോവയോട് സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവൻ ആർ? ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളൂ? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. നീ സമുദ്രത്തിന്റെ ഗർവത്തെ അടക്കി വാഴുന്നു. അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു. നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; ഭൂതലവും അതിന്റെ പൂർണതയും നീ സ്ഥാപിച്ചിരിക്കുന്നു. ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്‍ടിച്ചിരിക്കുന്നു; താബോറും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു; നിനക്കു വീര്യമുള്ളൊരു ഭുജം ഉണ്ട്; നിന്റെ കൈ ബലമുള്ളതും നിന്റെ വലംകൈ ഉന്നതവും ആകുന്നു. നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു. ജയഘോഷം അറിയുന്ന ജനത്തിനു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. നീ അവരുടെ ബലത്തിന്റെ മഹത്ത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു.