എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ. ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു. നാം അവരുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അദ്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോട് അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു. വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നെ, അവയെ ഗ്രഹിച്ച് എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചു നടക്കയും തങ്ങളുടെ പിതാക്കന്മാരെപ്പോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോട് അവിശ്വസ്ത മനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിനു തന്നെ. ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി. അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു. അവർ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അദ്ഭുതങ്ങളെയും മറന്നുകളഞ്ഞു. അവൻ മിസ്രയീംദേശത്ത്, സോവാൻ വയലിൽവച്ച് അവരുടെ പിതാക്കന്മാർ കാൺകെ, അദ്ഭുതം പ്രവർത്തിച്ചു. അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽക്കൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി. പകൽസമയത്ത് അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. അവൻ മരുഭൂമിയിൽ പാറകളെ പിളർന്ന് ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിപ്പാൻ കൊടുത്തു. പാറയിൽനിന്ന് അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. എങ്കിലും അവർ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവച്ചു മത്സരിച്ചുകൊണ്ടിരുന്നു. തങ്ങളുടെ കൊതിക്ക് ഭക്ഷണം ചോദിച്ചുകൊണ്ട് അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ? അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവനു കഴിയുമോ? തന്റെ ജനത്തിന് അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു. ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരേ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരേ കോപവും പൊങ്ങി. അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നെ. അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. അവർക്ക് തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗീയധാന്യം അവർക്കു കൊടുത്തു. മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻകാറ്റ് വരുത്തി. അവൻ അവർക്ക് പൊടിപോലെ മാംസത്തെയും കടല്പുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. അങ്ങനെ അവർ തിന്ന് തൃപ്തരായിത്തീർന്നു; അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു. അവരുടെ കൊതിക്ക് മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ, ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അദ്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും. ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും. എങ്കിലും അവർ വായ്കൊണ്ട് അവനോടു കപടം സംസാരിക്കും. നാവുകൊണ്ട് അവനോടു ഭോഷ്കു പറയും. അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല. എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു. അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റ് എന്നും അവൻ ഓർത്തു.
സങ്കീർത്തനങ്ങൾ 78 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 78
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 78:1-39
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ