സങ്കീർത്തനങ്ങൾ 71:19-24

സങ്കീർത്തനങ്ങൾ 71:19-24 MALOVBSI

ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളൂ? അനവധി കഷ്ടങ്ങളും അനർഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും. നീ എന്റെ മഹത്ത്വം വർധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ. എന്റെ ദൈവമേ, ഞാനും വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും. ഞാൻ നിനക്കു സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും. എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്ക് അനർഥം അന്വേഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.