സങ്കീർത്തനങ്ങൾ 7:1-9

സങ്കീർത്തനങ്ങൾ 7:1-9 MALOVBSI

എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കൈയിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കേണമേ. അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ, എനിക്കു ബന്ധുവായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,- ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ- ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ. യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തു നില്ക്കേണമേ; എനിക്കുവേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ. ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ; നീ അവർക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ. യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ; ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധന ചെയ്യുന്നുവല്ലോ.