സങ്കീർത്തനങ്ങൾ 69:16-36

സങ്കീർത്തനങ്ങൾ 69:16-36 MALOVBSI

യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ; അടിയനു തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ. എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ. എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്‍ടിയിൽ ഇരിക്കുന്നു. നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവനും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. അവർ എനിക്കു തിന്നുവാൻ കയ്പു തന്നു; എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു. അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ. നിന്റെ ക്രോധം അവരുടെമേൽ പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ. അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ. നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവർ വിവരിക്കുന്നു. അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവർ പ്രാപിക്കരുതേ. ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ. ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ. ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്ത്വപ്പെടുത്തും. അതു യഹോവയ്ക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും. സൗമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ. യഹോവ ദരിദ്രന്മാരുടെ പ്രാർഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ. ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും. അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.