ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽതന്നെ, എനിക്കുത്തരമരുളേണമേ. ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകയ്ക്കുന്നവരുടെ കൈയിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ. ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടച്ചുകൊള്ളുകയുമരുതേ. യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ; അടിയനു തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ. എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ. എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്‍ടിയിൽ ഇരിക്കുന്നു. നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവനും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. അവർ എനിക്കു തിന്നുവാൻ കയ്പു തന്നു; എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു. അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ. നിന്റെ ക്രോധം അവരുടെമേൽ പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ. അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ. നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവർ വിവരിക്കുന്നു. അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവർ പ്രാപിക്കരുതേ. ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.
സങ്കീർത്തനങ്ങൾ 69 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 69
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 69:13-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ