ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു. അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന് എന്നെ കഴുകേണമേ. സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ. എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറയ്ക്കേണമേ. എന്റെ അകൃത്യങ്ങളെയൊക്കെയും മായിച്ചുകളയേണമേ. ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കയുമരുതേ. നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ. അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനം തിരിയും. എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവ് നിന്റെ നീതിയെ ഘോഷിക്കും. കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണിക്കും. ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സ്; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല. നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ. അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.
സങ്കീർത്തനങ്ങൾ 51 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 51
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 51:5-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ