സങ്കീർത്തനങ്ങൾ 51

51
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. അവൻ ബത്ത്-ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻപ്രവാചകൻ അവന്റെ അടുക്കൽ വന്നപ്പോൾ ചമച്ചത്.
1ദൈവമേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ;
നിന്റെ കരുണയുടെ ബഹുത്വപ്രകാരം
എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
2എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ;
എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
3എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു;
എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
4നിന്നോടുതന്നെ ഞാൻ പാപം ചെയ്തു;
നിനക്ക് അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു.
സംസാരിക്കുമ്പോൾ നീ നീതിമാനായും
വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിനു തന്നെ.
5ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി;
പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
6അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്;
അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
7ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ;
ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന് എന്നെ കഴുകേണമേ.
8സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ;
നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
9എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറയ്ക്കേണമേ.
എന്റെ അകൃത്യങ്ങളെയൊക്കെയും മായിച്ചുകളയേണമേ.
10ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്‍ടിച്ചു
സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
11നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ;
നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കയുമരുതേ.
12നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ;
മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.
13അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും;
പാപികൾ നിങ്കലേക്കു മനം തിരിയും.
14എന്റെ രക്ഷയുടെ ദൈവമായ ദൈവമേ,
രക്തപാതകത്തിൽനിന്ന് എന്നെ വിടുവിക്കേണമേ;
എന്നാൽ എന്റെ നാവ് നിന്റെ നീതിയെ ഘോഷിക്കും.
15കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ;
എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണിക്കും.
16ഹനനയാഗം നീ ഇച്ഛിക്കുന്നില്ല;
അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു;
ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.
17ദൈവത്തിന്റെ ഹനനയാഗങ്ങൾ
തകർന്നിരിക്കുന്ന മനസ്സ്;
തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ,
ദൈവമേ, നീ നിരസിക്കയില്ല.
18നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ;
യെരൂശലേമിന്റെ മതിലുകളെ പണിയേണമേ.
19അപ്പോൾ നീ നീതിയാഗങ്ങളിലും
ഹോമയാഗങ്ങളിലും സർവാംഗഹോമങ്ങളിലും പ്രസാദിക്കും;
അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 51: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക