ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല. വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറംകാട്ടുമാറാക്കുന്നു; ഞങ്ങളെ പകയ്ക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു. ഭക്ഷണത്തിനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയിൽ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു. നീ നിന്റെ ജനത്തെ വിലവാങ്ങാതെ വില്ക്കുന്നു. അവരുടെ വിലകൊണ്ട് സമ്പത്തു വർധിപ്പിക്കുന്നതുമില്ല. നീ ഞങ്ങളെ അയൽക്കാർക്ക് അപമാനവിഷയവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു. നീ ജാതികളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിനും വിഷയം ആക്കുന്നു. നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പിൽ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു. ഇതൊക്കെയും ഞങ്ങൾക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല. നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകർത്തുകളവാനും കൂരിരുട്ടുകൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല. ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങൾ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവൻ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ. നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു. കർത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നത് എന്ത്? എഴുന്നേല്ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ. നീ നിന്റെ മുഖത്തെ മറയ്ക്കുന്നതും ഞങ്ങളുടെ കഷ്ടവും പീഡയും മറന്നുകളയുന്നതും എന്ത്? ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ വയറു ഭൂമിയോടു പറ്റിയിരിക്കുന്നു. ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കേണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ.
സങ്കീർത്തനങ്ങൾ 44 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 44
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 44:9-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ