സങ്കീർത്തനങ്ങൾ 37:1-22

സങ്കീർത്തനങ്ങൾ 37:1-22 MALOVBSI

ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്; നീതികേട് ചെയ്യുന്നവരോട് അസൂയപ്പെടുകയുമരുത്. അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു. യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നെ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും. നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നെ ആശ്രയിക്ക; അവൻ അതു നിർവഹിക്കും. അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുത്. കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുത്; അതു ദോഷത്തിനു ഹേതുവാകയേയുള്ളൂ. ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. ദുഷ്ടൻ നീതിമാനു ദോഷം നിരൂപിക്കുന്നു; അവന്റെ നേരേ അവൻ പല്ലു കടിക്കുന്നു. കർത്താവ് അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്ന് അവൻ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി വില്ലു കുലച്ചിരിക്കുന്നു. അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്ത് അവർ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും, എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളൂ; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു. അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.