സങ്കീർത്തനങ്ങൾ 35:17-28

സങ്കീർത്തനങ്ങൾ 35:17-28 MALOVBSI

കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്ന് എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്ന് എന്റെ ജീവനെയും വിടുവിക്കേണമേ. ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മധ്യേ നിന്നെ സ്തുതിക്കും. വെറുതേ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ കണ്ണിമയ്ക്കയുമരുതേ. അവർ സമാധാനവാക്ക് സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരേ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു. അവർ എന്റെ നേരേ വായ് പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു. യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ. എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്ന് എന്റെ ന്യായത്തിനും വ്യവഹാരത്തിനും ജാഗരിക്കേണമേ. എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചുതരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ. അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ. എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ നേരേ വമ്പു പറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ. എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്ത്വമുള്ളവൻ എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. എന്റെ നാവ് നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വർണിക്കും.