നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ. വാളിങ്കൽനിന്ന് എന്റെ പ്രാണനെയും നായുടെ കൈയിൽനിന്ന് എന്റെ ജീവനെയും വിടുവിക്കേണമേ. സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു. ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമധ്യേ ഞാൻ നിന്നെ സ്തുതിക്കും. യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകല സന്തതിയുമായുള്ളോരേ, അവനെ മഹത്ത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ സന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ. അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവനു മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തത്. മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു; അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും. എളിയവർ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ. ഭൂമിയുടെ അറുതികളൊക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും; രാജത്വം യഹോവയ്ക്കുള്ളതല്ലോ; അവൻ ജാതികളെ ഭരിക്കുന്നു. ഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്ക് ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനുംകൂടെ. ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോട് യഹോവയെക്കുറിച്ചു കീർത്തിക്കും. അവർ വന്ന്, ജനിപ്പാനുള്ള ജനത്തോട് അവൻ നിവർത്തിച്ചിരിക്കുന്നു എന്ന് അവന്റെ നീതിയെ വർണിക്കും.
സങ്കീർത്തനങ്ങൾ 22 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 22
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 22:19-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ