സങ്കീർത്തനങ്ങൾ 22:12-21

സങ്കീർത്തനങ്ങൾ 22:12-21 MALOVBSI

അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരേ വായ്പിളർക്കുന്നു. ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവേ ഉരുകിയിരിക്കുന്നു. എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു. നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു. എന്റെ അസ്ഥികളൊക്കെയും എനിക്ക് എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു. എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു. നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ. വാളിങ്കൽനിന്ന് എന്റെ പ്രാണനെയും നായുടെ കൈയിൽനിന്ന് എന്റെ ജീവനെയും വിടുവിക്കേണമേ. സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു.