സങ്കീർത്തനങ്ങൾ 20:1-9

സങ്കീർത്തനങ്ങൾ 20:1-9 MALOVBSI

യഹോവ കഷ്ടകാലത്തിൽ നിനക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ. അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ. നിന്റെ വഴിപാടുകളെയൊക്കെയും അവൻ ഓർക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ. നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താൽപര്യമൊക്കെയും നിവർത്തിക്കട്ടെ. ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ. യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വർഗത്തിൽനിന്നു തന്റെ വലംകൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും. ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും. അവർ കുനിഞ്ഞു വീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റു നിവിർന്നു നില്ക്കുന്നു. യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.