സങ്കീർത്തനങ്ങൾ 18:37-50

സങ്കീർത്തനങ്ങൾ 18:37-50 MALOVBSI

ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. അവർക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു. യുദ്ധത്തിനായി നീ എന്റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു. എന്നെ പകയ്ക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി. അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല. ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു. ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. അവർ കേൾക്കുമ്പോൾ തന്നെ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോട് അനുസരണഭാവം കാണിക്കും. അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ടു വരുന്നു. യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ. ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു. അവൻ ശത്രുവശത്തുനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കൈയിൽനിന്ന് നീ എന്നെ വിടുവിക്കുന്നു. അതുകൊണ്ട് യഹോവേ, ഞാൻ ജാതികളുടെ മധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും. അവൻ തന്റെ രാജാവിനു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നേക്കുംതന്നെ.