എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും. മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കെണികളും എന്നെ തുടർന്നു പിടിച്ചു. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോട് നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർഥന അവന്റെ ചെവിയിൽ എത്തി. ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി. അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു; തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു. അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു. അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു. അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി. അവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിൽക്കൂടി പൊഴിഞ്ഞു. യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു. അവൻ അസ്ത്രം എയ്ത് അവരെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു. യഹോവേ, നിന്റെ ഭർത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീർത്തോടുകൾ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
സങ്കീർത്തനങ്ങൾ 18 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 18:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ